കാന്‍ഡില്‍ സിഎസ്ആര്‍ ദൗത്യത്തിലൂടെ കുട്ടികളില്‍ നൈപുണ്യത്തിന്റെ വെളിച്ചം വീശി ഐബിഎസ്

Posted on: November 21, 2020

കൊച്ചി: പ്രമുഖ ഐടി സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയറിന്റെ സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആര്‍) ദൗത്യമായ കാന്‍ഡിലിന്റെ ഭാഗമായി കൊച്ചിയിലെ രണ്ട് പുനരധിവാസ കേന്ദ്രങ്ങളിലെ നൂറോളം കുട്ടികള്‍ക്ക് എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണം, കുമിള്‍ കൃഷി, പിസ നിര്‍മ്മാണം തുടങ്ങിയവയിലുള്‍പ്പെടെ നൈപുണ്യ, വിദ്യാഭ്യാസ പരിശീലനം നല്‍കി. ഡോണ്‍ ബോസ്‌കോ വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ ഭവനിലെ ആണ്‍കുട്ടികള്‍ക്കും വാത്സല്യഭവനിലെ പെണ്‍കുട്ടികള്‍ക്കുമാണ് കൊവിഡ് നിബന്ധനകള്‍ക്കിടയിലും ഐബിഎസിന്റെ സ്‌നേഹസ്പര്‍ശം ലഭ്യമായത്.

മഹാമാരി കാരണം കുട്ടികള്‍ക്ക് നിരന്തരം സ്‌കൂളില്‍ പോകാനാകാത്ത അവസ്ഥയെ തരണം ചെയ്യുന്നതിന് പ്രായോഗിക അറിവുകളും അഭിരുചികളും പരിപോഷിപ്പിക്കുന്നതിനുള്ള നൈപുണ്യ പരിശീലനമാണ് കാന്‍ഡില്‍-എന്‍ലൈറ്റ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഇടപെടല്‍, മാര്‍ഗനിര്‍ദേശം, ആരോഗ്യകരമായ സാങ്കേതികവിദ്യ എന്നിവയിലൂടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതും അഭിരുചികള്‍ പരിപോഷിപ്പിക്കുന്നതുമായ എന്‍ലൈറ്റ് പദ്ധതി ഡോണ്‍ ബോസ്‌കോ വെല്‍ഫെയര്‍ സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാദര്‍ തോമസ് പി ഡിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

കാന്‍ഡില്‍ പദ്ധതിക്കു കീഴിലെ നൈപുണ്യ പരിപാടിയിലൂടെ സ്‌നേഹ ഭവനിലെ ആണ്‍കുട്ടികള്‍ക്ക് ഊര്‍ജ്ജം ഫലപ്രദമായി ഉപയോഗിക്കുന്ന എല്‍ഇഡി ബള്‍ബ് നിര്‍മ്മാണത്തിനുള്ള മൂന്നു ദിവസത്തെ പരിശീലനം നല്‍കി. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ബള്‍ബ് നിര്‍മ്മാണം പഠിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പരിശീലനത്തില്‍ പങ്കെടുത്ത ഒരു കുട്ടി അഭിപ്രായപ്പെട്ടു. മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്കാണ് പാല്‍കുമിള്‍ കൃഷിയിലും മുത്തുച്ചിപ്പികുമിള്‍ കൃഷിയിലും പരിശീലനം നല്‍കിയത്. പിസ തയ്യാറാക്കല്‍ പരിശീലനത്തിന് പ്രൊഫഷണല്‍ ഷെഫ് നേതൃത്വം നല്‍കി. മാവ് തയ്യാറാക്കല്‍, ബേക്കിംഗ്, പാകപ്പെടുത്തേണ്ട രീതികള്‍ എന്നിവയിലും കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു.

എന്‍ലൈറ്റ് സെഷന്റെ ഭാഗമായി ഇരു സ്ഥാപനങ്ങളിലേയും കുട്ടികള്‍ക്ക് ചിത്ര രചന, നൃത്തം, സംഗീതം എന്നിവയില്‍ പരിശീലനം നല്‍കി. വായന, എഴുത്ത്, ശ്രവണം, ഭാഷണം എന്നിവയില്‍ പാഠങ്ങള്‍ അടങ്ങുന്ന റോസറ്റ സ്റ്റോണ്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് ഇംഗ്ലീഷ് ആശയവിനിമയ ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഘട്ടത്തിലും നാല് യൂണിറ്റുകളടങ്ങുന്ന പാഠ്യപദ്ധതിയുടെ ഒന്നാം ഘട്ടം കുട്ടികള്‍ പൂര്‍ത്തിയാക്കി. ഇവ കൂടാതെ പഠന വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷനും ലഭ്യമാക്കുന്നുണ്ട്.

എന്‍ലൈറ്റില്‍ പുഷ്പക്കൃഷി, മത്സ്യകൃഷി, കേക്ക് – ജാം – സ്‌ക്വാഷ് നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം വരും മാസങ്ങളില്‍ നടക്കും. പരിശീലനത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ സിഎസ്ആര്‍ മേധാവി ശ്രീ വിനോദ് തോമസ് പറഞ്ഞു. ഐബിഎസ് സോഫ്റ്റ് വെയറിന്റെ സിഎസ്ആര്‍ ദൗത്യമായ കാന്‍ഡിലിലൂടെ കുട്ടികളുടെ ജീവിതങ്ങളില്‍ വെളിച്ചം പകരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

TAGS: IBS Software |