പൊതിച്ചോറിനൊപ്പം പണം; മേരി സെബാസ്റ്റ്യന് ഐബിഎസ് സോഫ്റ്റ് വെയറിന്റെ സമ്മാനം

Posted on: September 23, 2020

തിരുവനന്തപുരം : കഷ്ടതയനുഭവിക്കുന്നവര്‍ക്ക് പൊതിച്ചോറു നല്‍കുമ്പോള്‍ അതിനുള്ളില്‍ നൂറു രൂപയും വച്ച് നല്‍കുന്ന കുമ്പളങ്ങിക്കാരി മേരി സെബാസ്റ്റ്യനെ ആദരിച്ച് ഐടി കമ്പനി ഐബിഎസ് സോഫ്റ്റ് വെയര്‍.

മേരിയുടെ കുമ്പളങ്ങിയിലെ വീട്ടിലെത്തി പ്രശംസാഫലകവും ഒരു ലക്ഷം രൂപയുടെ ചെക്കും ഐബിഎസ് സോഫ്റ്റ് വെയര്‍ പ്രതിനിധികള്‍ കൈമാറി. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് മേരി സെബാസ്റ്റ്യനെ ആദരിക്കാനും പ്രോത്സാഹനമായി തുക നല്‍കാനും ഐബിഎസ് സോഫ്റ്റ് വെയര്‍ തീരുമാനിച്ചത്.

പ്രശസ്തിയോ, സമ്മാനമോ, ഒന്നും ആഗ്രഹിക്കാതെ നിസ്വാര്‍ത്ഥമായ സേവനമാണ് മേരി സെബാസ്റ്റ്യന്‍ നല്‍കുന്നതെന്ന് ഐബിഎസ് സോഫ്റ്റ് വെയറിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ് പറഞ്ഞു. പ്രതിസന്ധികളുടെ കഥകള്‍ നിറയുന്ന ഇക്കാലത്ത് മേരിയുടെ ജീവിതം വലിയ ആശ്വാസവും മാനവികതയില്‍ നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

കുമ്പളങ്ങിയില്‍ കാറ്ററിംഗ് ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്നു മേരി സെബാസ്റ്റ്യന്‍. ഭര്‍ത്താവ് ബോട്ടിന്റെ അറ്റകുറ്റപ്പണി ചെയ്യുന്നയാളും. കൊവിഡ് കാലത്ത് ഇരുവര്‍ക്കും ജോലിയില്ലാതായി. ആഗസ്റ്റില്‍ ചെല്ലാനത്ത് മഴക്കെടുതിയും കടലാക്രമണവും രൂക്ഷമായപ്പോള്‍ പൊതിച്ചോറു നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തനത്തില്‍ മേരിയും പങ്കാളിയായി.

ചോറിനൊപ്പം നൂറു രൂപ കൂടി വച്ച് പൊതിഞ്ഞാണ് മേരി നല്‍കിയിരുന്നത്. ഇതാരോടും പറഞ്ഞിരുന്നുമില്ല. വിതരണം ചെയ്യാത്ത പൊതിച്ചോറില്‍ രൂപ ഇരിക്കുന്ന കാര്യം പൊലീസുകാരാണ് ശ്രദ്ധിച്ചത്. അവര്‍ നടത്തിയ അന്വേഷണത്തിലാണ് മേരിയുടെ സത്കര്‍മ്മം പുറത്തറിഞ്ഞത്. മഴയത്ത് ആര്‍ക്കെങ്കിലും കട്ടന്‍ ചായയിട്ടു കുടിക്കാനെങ്കിലും ഉപകരിക്കുമല്ലോ എന്നു കരുതിയാണ് ചോറ് പൊതിയില്‍ രൂപ കൂടി വച്ചതെന്ന് മേരി പറഞ്ഞു.

സമൂഹ്യമാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളിലും വാര്‍ത്ത വന്നതോടെ മേരിയ്ക്ക് നിരവധി പേരാണ് അഭിനന്ദനവുമായി എത്തുന്നത്.