എം എ യൂസഫലി ഇടപെട്ടു ; 15 വർഷത്തെ ദുരിതം താണ്ടി മൂസക്കുട്ടി നാട്ടിലേക്ക് മടങ്ങി

Posted on: October 22, 2019

അബുദാബി : കേസും ജയിൽ വാസവും യാത്രാവിലക്കുകളും താണ്ടി ദുരിതത്തിലായ മൂസകുട്ടി അവസാനം നാട്ടിലേക്ക് മടങ്ങി. പട്ടാമ്പി മാട്ടായ സ്വദേശി മൂസക്കുട്ടിയും ഭാര്യ ബുഷ് റയും വെള്ളിയാഴ്ച രാത്രി 9.30 നുള്ള കൊച്ചിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. പുലർച്ചെ മൂന്നര മണിക്ക് കൊച്ചിയിൽ എത്തിയത്. നോർക്ക വൈസ് ചെയർമാനും വ്യവസായിയുമായ എം.എ.യൂസഫലിയുടെ നിർണ്ണായകമായ ഇടപെടലുകളാണ് മൂസക്കുട്ടിക്ക് നാട്ടിലേക്കുള്ള മടക്കയാത്രം സാധ്യമായത്.

റാസൽഖൈമ സ്വദേശി നൽകിയ പരാതിയാണ് ഒരു കാലത്ത് അറിയപ്പെടുന്ന വ്യവസായിയായിരുന്ന മൂസക്കുട്ടിയുടെ ജീവിതം താളം തെറ്റിയത്. അഞ്ച് വർഷത്തോളം ജയിലിൽ കഴിഞ്ഞെങ്കിലും യാത്രാവിലക്കിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ മൂസക്കുട്ടിയും കുടുംബവും ഷാർജയിലെ ഒരു ഒറ്റമുറിയിലായിരുന്നു താമസിച്ചിരുന്നത്. മൂന്ന് കോടി രൂപ നൽകാതെ കേസ് പിൻ വലിക്കില്ലെന്ന് സ്വദേശി ഉറച്ച് നിന്നതോടെ മൂസക്കുട്ടിയുടെ മടക്കം അനിശ്ചിതത്വത്തിലായി. കോടതി വിധിയും യാത്രവിലക്കും വന്നതോടെ ദുരിതത്തിലായ മൂസക്കുട്ടി ജീവനോടെ നാട്ടിലെത്തുമോ എന്നുപോലും ആശങ്കപ്പെട്ടിരുന്നു. ഇതിനിടയിൽ അസുഖബാധിതനായ മൂസക്കുട്ടിയുടെ സംസാരശേഷിയും നഷ്ടമായിരുന്നു.

ദുരിത വാർത്ത ശ്രദ്ധയിൽപ്പെട്ട നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി ഇദ്ദേഹത്തെ ഷാർജയിലെത്തി കാണുകയും ബാധ്യതകൾക്ക് നിയമപരമായ മാർഗ്ഗത്തിലൂടെ പരിഹാരം കണ്ട് നാട്ടിലെത്തിക്കുമെന്ന് മൂസക്കുട്ടിക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ആ ഉറപ്പാണ് ഒക്ടോബർ 18 വെള്ളിയാഴ്ച പാലിക്കപ്പെട്ടത്.

യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും റാസൽ ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയെ യൂസഫലി കണ്ട് സംസാരിച്ചാണ് മൂസക്കുട്ടിയുടെ നാട്ടിലേക്കുള്ള മോചനത്തിന് തുടക്കമായത്. 28 കേസുകളിലായി 80 ലക്ഷം (4 ലക്ഷം ദിർഹം) രൂപ യൂസഫലി റാസൽ ഖൈമ കോടതിയിൽ കെട്ടി വെച്ചു. അങ്ങനെ എല്ലാ പ്രതീക്ഷകളും അവസാനിച്ച മൂസക്കുട്ടിയെന്ന പട്ടാമ്പിക്കാരനിത് ഇത് രണ്ടാം ജന്മം.

TAGS: M.A Yusuff Ali |