ഫെഡറൽ ബാങ്കിന് 1005 കോടി രൂപ അറ്റാദായം

Posted on: April 29, 2015

Federal-Bank-Shyam-Sreeniva

കൊച്ചി : ഫെഡറൽ ബാങ്ക് 2014-15 ധനകാര്യവർഷം 1005.75 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്തേക്കാൾ 20 ശതമാനം വളർച്ച നേടിയതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. 110 ശതമാനം ഡിവിഡൻഡ് ഡയറക്ടർ ബോർഡ് നിർദേശിച്ചിട്ടുണ്ട്.. 2013-14 ൽ 838.89 കോടിയായിരുന്നു അറ്റാദായം. നിക്ഷേപത്തിലും വായ്പയിലും ബാങ്കിംഗ് മേഖലയുടെ പൊതുവളർച്ചയേക്കാൾ 40 ശതമാനം അധികമാണ് ഫെഡറൽ ബാങ്കിന്റെ വളർച്ച. കിട്ടാക്കടം കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ മൂന്നിലൊന്ന് കുറയ്ക്കാനും സാധിച്ചു.

ബാങ്കിന്റെ പ്രവർത്തനലാഭം 1480.39 കോടിയിൽ നിന്ന് 9.96 ശതമാനം വർധിച്ച് 1627.79 കോടിയായി. മറ്റുവരുമാനം 693.85 കോടിയിൽ നിന്ന് 26.58 ശതമാനം വളർച്ചകൈവരിച്ച് 878.31 കോടിയായി. പലിശവരുമാനം 2228.61 കോടിയിൽ നിന്ന് 6.81 ശതമാനം വർധിച്ച് 2380.41 കോടി രൂപയായി.

ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 18.36 ശതമാനം വർധിച്ച് 122,109.98 കോടി രൂപയിൽ എത്തി. നിക്ഷേപം 18.57 ശതമാനം വർധിച്ച് 70824.99 കോടി രൂപയായി. ബാങ്കിംഗ് വ്യവസായത്തിൽ 12.78 ശതമാനം മാത്രം വളർച്ചയുള്ളപ്പോഴാണ് ഫെഡറൽ ബാങ്ക് മികച്ച നേട്ടം കൈവരിച്ചത്. പ്രവാസി നിക്ഷേപം 18,973.56 കോടിയിൽ നിന്ന് 27.71 ശതമാനം വളർച്ചയോടെ 24,230.90 കോടി രൂപയായി.

ഫെഡറൽ ബാങ്കിന്റെ ആകെ വായ്പ 51,284.99 കോടി രൂപയാണ്. ബാങ്കിംഗ് മേഖലയിലെ വായ്പാ വളർച്ച 12.64 ശതമാനമാണെങ്കിൽ ഫെഡറൽ ബാങ്കിന്റേത് 18.07 ശതമാനമാണ്. റീട്ടെയ്ൽ വായ്പകൾ 14.24 വളർച്ച കൈവരിച്ച് 16,134.58 കോടിയും എസ്എംഇ വായ്പ 17.21 ശതമാനം വർധിച്ച് 12,917.84 കോടിയും കാർഷികവായ്പകൾ 22.83 ശതമാനം വർധിച്ച് 6311.86 കോടിയിലും എത്തി. പ്രയോറിട്ടി സെക്ടറുകളിൽ 29.3 ശതമാനം വളർച്ചനേടി 20870.27 കോടി രൂപയായി. കഴിഞ്ഞവർഷം 16,141.47 കോടിയായിരുന്നു. ബാങ്കിന്റെ അറ്റകിട്ടാക്കടം 373.27 കോടി രൂപയാണ്.

ഓഹരികളിൻമേലുള്ള വരുമാനവും ബുക്ക് വാല്യുവും യഥാക്രമം 11.75 ഉം 90.33 രൂപയുമായി ഉയർന്നു. റിട്ടേൺഓൺഇക്വിറ്റി 13.7 ശതമാനവും ആർഒഎ 1.32 ശതമാനവുമായി. 2014-15 ൽ 73 ശാഖകൾ കൂടി തുറന്നതോടെ ശാഖകളുടെ എണ്ണം 1247 ആയി വർധിച്ചു. 126 എടിഎമ്മുകൾ കൂടി തുറന്നതോടെ 1485 എടിഎമ്മുകളായി. യുഎഇയിലെ അബുദാബിയിൽ ബാങ്കിന്റെ റെപ്രസെന്റേറ്റീവ് ഓഫീസ് തുറന്നു.

ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്രാഹം ചാക്കോ, ജനറൽ മാനേജർ കെ. ഐ. വർഗീസ്, സിഎഫ്ഒ സമ്പത്ത് ഡി. തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.