കല്യാൺ ജുവല്ലേഴ്‌സ് 800 കോടിയുടെ വികസനം നടപ്പാക്കും

Posted on: March 20, 2015

Kalyanaraman-T-S-big

തൃശൂർ : കല്യാൺ ജുവല്ലേഴ്‌സ് 2015-16 ധനകാര്യവർഷം 800 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമൻ പറഞ്ഞു. വിതരണ ശൃംഖല 30 ശതമാനം വിപുലപ്പെടുത്തുന്നതിനും 100 ഷോറൂമുകൾ പൂർത്തീകരിക്കുകയുമാണ് ലക്ഷ്യം. ചെന്നൈയിൽ കല്യാണ് ജുവല്ലേഴ്‌സിന്റെ മെഗാ ഷോറൂം തുറക്കും. കോൽക്കത്ത, ഭുവനേശ്വർ എന്നിവിടങ്ങളിലും പുതിയ വിപണികൾ കണ്ടെത്തിയിട്ടുണ്ട്. കേരള, മഹാരാഷ്ട്ര, നാഷണൽ കാപ്പിറ്റൽ റീജണിലും കൂടുതൽ സാന്നിധ്യം വിപുലമാക്കും.

രാജ്യാന്തരനിക്ഷേപസ്ഥാപനമായ വാർബർഗ് പിങ്കസുമായി കൈകോർക്കാൻ സാധിച്ച 2014-15 ധനകാര്യവർഷം കല്യാണിനെ സംബന്ധിച്ചിടത്തോളം ചരിത്രകാലഘട്ടമായിരുന്നു. 1200 കോടി രൂപയാണ് വാർബർഗ് നിക്ഷേപിച്ചത്. ആഭരണനിർമാണ രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിക്ഷേപമാണിത്.

സാധാരണക്കാർക്ക് പോലും വാങ്ങാൻ കഴിയുന്ന തരത്തിൽ ഡയമണ്ട് വിഭാഗം ആരംഭിച്ചതും കുവൈറ്റിൽ പുതിയ ഷോറൂം തുറന്നതും യുഎഇയിൽ ആർഎകെ ബാങ്കുമായി ചേർന്ന് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ആരംഭിച്ചതും നടപ്പുധനകാര്യവർഷമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎഇ ക്കും കുവൈറ്റിനും പിന്നാലെ 2015 ൽ ഖത്തറിലും പുതിയ ഷോറൂം ആരംഭിക്കും. രാജ്യാന്തരവിപണിയിൽ വിതരണശൃംഖല ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നതായി ടി. എസ്. കല്യാണരാമൻ കൂട്ടിച്ചേർത്തു.