ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ 20 ശതമാനം പ്രീമിയത്തോടെ ലിസ്റ്റു ചെയ്തു

Posted on: November 11, 2023

കൊച്ചി : ഐപിഒയ്ക്ക് ശേഷം ലിസ്റ്റു ചെയ്ത ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ക്ക് മികച്ച തുടക്കം. എക്സ്ചേഞ്ചില്‍ 20 ശതമാനം പ്രീമിയത്തോടെയാണ് ഓഹരികള്‍ തുടക്കം കുറിച്ചത്. ബിഎസ്ഇയില്‍ 71.90 രൂപയും എന്‍എസ്ഇയില്‍ 71 രൂപയുമായിരുന്നു വില. യഥാക്രമം 19.83 ശതമാനവും 18.33 ശതമാനവും പ്രീമിയം. ബിഎസ്ഇയില്‍ 15.08 ശതമാനം പ്രീമിയത്തില്‍ 69.05 രൂപയിലും എന്‍എസ്ഇയില്‍ 14.67 ശതമാനം പ്രീമിയത്തില്‍ 68.80 രൂപയിലുമാണ് കമ്പനിയുടെ ഓഹരികള്‍ ക്ലോസ് ചെയ്തത്.

എന്‍എസ്ഇയില്‍ 689.52 ലക്ഷം ഓഹരികളാണ് ട്രേഡ് ചെയ്യപ്പെട്ടത്. ബിഎസ്ഇയില്‍ ഇത് 49.42 ലക്ഷം ഓഹരികളുമായിരുന്നു. ഇരു എക്സ്ചേഞ്ചുകളിലുമായി 528.76 കോടി രൂപയുടെ ആകെ വിറ്റുവരവാണ് ആദ്യ ദിനം രേഖപ്പെടുത്തിയത്.

തങ്ങളുടെ യാത്രയില്‍ നിങ്ങള്‍ക്കുള്ള ആത്മവിശ്വാസമാണ് ഐപിഒയുടെ വിജയത്തിനു പിന്നിലുള്ള യഥാര്‍ത്ഥ ഘടകമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥാപകനും മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. ഈ നാഴികക്കല്ല് മികച്ചൊരു നേട്ടമാണ്. തങ്ങളുടെ ഓഹരി ഉടമകള്‍ക്കു മാത്രമല്ല, ഉപഭോക്താക്കള്‍ക്കും ദീര്‍ഘകാല മൂല്യം ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിബദ്ധരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഎസ്ഇയിലെ ഇന്നലത്തെ ക്ലോസിംഗ് വില പ്രകാരം കമ്പനിയുടെ വിപണി മൂല്യം 3,554.55 കോടി രൂപയാണ്. എന്‍എസ്ഇയിലെ ക്ലോസിംഗ് പ്രകാരം ഇത് 3,541.68 കോടി രൂപയുമാണ്