ഡിഎൽഎഫ് 15,000 കോടിയുടെ ആസ്തികൾ വിൽക്കുന്നു

Posted on: March 9, 2015

DLF-Complex-big

ന്യൂഡൽഹി : ഡിഎൽഫ് കടബാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി 15,000 കോടി രൂപയുടെ ആസ്തികൾ വിൽക്കാൻ ഒരുങ്ങുന്നു. 4000-5000 കോടി രൂപയുടെ നിർമാണം പൂർത്തിയായ പദ്ധതികളും 10,000 കോടി രൂപയുടെ വിവിധഘട്ടങ്ങളിലിരിക്കുന്ന പദ്ധതികളുമാണ് കൈയൊഴിയുന്നത്. രാജ്യത്തെ ഏറ്റവും വലിയ റിയൽഎസ്റ്റേറ്റ് കമ്പനിയായ ഡിഎൽഫിന് 20,336 കോടി രൂപയുടെ ബാധ്യതകളാണുള്ളത്.

നടപ്പുവർഷം (2014-15) ഫെബ്രുവരി 15 വരെ 2,700 കോടിരൂപയുടെ ബുക്കിംഗ് ആണ് ഡിഎൽഎഫിന് ലഭിച്ചിട്ടുള്ളത്. മുൻവർഷം (2013-14) 4,070 കോടി രൂപയുടെ ബുക്കിംഗ് ലഭിച്ചിരുന്നു. ഡിഎൽഎഫിന് 295 ദശലക്ഷം ചതുരശ്രയടി ലാൻഡ് ബാങ്കുണ്ട്. ഇതിൽ 50 ദശലക്ഷം ചതുരശ്രയടി നിർമാണത്തിലുള്ളതാണ്.

ഓഫീസ് ബിൽഡിംഗുകളിൽ നിന്ന് പ്രതിവർഷം 2000 കോടി രൂപയുടെ വാടക ഡിഎൽഫിന് ലഭിക്കുന്നുണ്ടെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ അശോക് ത്യാഗി ചൂണ്ടിക്കാട്ടി.വാടക ലഭിക്കുന്ന വാണിജ്യ ആസ്തികൾ മൂലധനമാക്കാൻ രണ്ട് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകൾ അവതരിപ്പിക്കാനും ഡിഎൽഎഫിന് പരിപാടിയുണ്ട്.