ഡിഎല്‍എഫിന് 2018-19 ല്‍ 9029 കോടി രൂപ വരുമാനം

Posted on: May 28, 2019

ഡല്‍ഹി : പ്രമുഖ റിയല്‍എസ്റ്റേറ്റ് കമ്പനി ആയ ഡിഎല്‍എഫ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9029 കോടി രൂപ വരുമാനം നേടി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 18 % വര്‍ധന കൈവരിച്ചു. ലാഭം 1316 കോടി രൂപ. ഓഹരിയുടമകള്‍ക്ക് 100 % ഡിവിഡന്റ് കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം 2661 കോടി രൂപയാണ്. ലാഭം 410 കോടിയും.

ആകെ 2435 കോടിയുടെ വില്‍പ്പനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈവരിച്ചത്. 6.3 ദശലക്ഷം ചതു.അടി വിസ്തീര്‍ണ്ണം ഉള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആണ് ഡിഎല്‍എഫ് ഇക്കാലയളവില്‍ നടത്തിയത്.

ഡിഎല്‍എഫ് ഭവന പദ്ധതികള്‍ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. 2435 കോടിയുടെ വില്‍പന നടത്താന്‍ കമ്പനിക്ക് സാധിച്ചു. ഈ പ്രവണത വരും ദിവസങ്ങളിലും തുടരാന്‍ ആണ് സാധ്യത. 2020 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പന 2700 കോടിയായി ഉയര്‍ത്താനാണ് ഡിഎല്‍എഫ് ലക്ഷ്യമിടുന്നത്. ഡിഎല്‍എഫിന്റെ പ്രധാനപെട്ട വിപണികള്‍ ആയ ഗുഡ്ഗാവ്, കൊച്ചി, ലക്നൗ എന്നിവിടങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള വില്‍പ്പനക്ക് തയ്യാറായ ഭവന പദ്ധതികള്‍ക്ക് മികച്ച ഡിമാന്‍ഡ് ആണ് ഉള്ളത്. അധികം വൈകാതെ 17 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഭവന, വാണിജ്യ പദ്ധതികള്‍ നിര്‍മ്മിക്കാന്‍ ഡിഎല്‍എഫ് ഉദ്ദേശിക്കുന്നു.

നിരവധി പദ്ധതികള്‍ ഇപ്പോള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. സെന്‍ട്രല്‍ ഡല്‍ഹിയിലെ മിഡ് ടൗണ്‍ ആണ് ഇതിലൊന്ന്. 8 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള പദ്ധതിയാണിത്. ഗുരുഗ്രാമിലെ സൈബര്‍ പാര്‍ക്കിന്റെ ഭൂരിഭാഗവും നിര്‍മ്മാണം പൂര്‍ത്തിയായി. ചെന്നൈ ഐടി സെസിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.

TAGS: DLF |