കെടിഡിസിയുടെ പ്രത്യേക വിനോദസഞ്ചാര പാക്കെജുകള്‍ ഉദ്ഘാടനം നിര്‍വഹിച്ചു മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Posted on: August 23, 2023

തിരുവനന്തപുരം : ഇന്ത്യയിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കെടിഡിസിയുടെ വര്‍ക്കേഷന്‍ പദ്ധതിയിലുടെ സാധിക്കുമെന്ന് ടൂറിസം
മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കെടിഡിസിയുടെ പ്രത്യേക വിനോദസഞ്ചാര പാക്കെജുകളുടെയും ടോള്‍ഫ്രീ നമ്പറിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് ടൂറിസം മേഖലയ്ക്കു നല്‍കിയ സംഭാവനയാണ് വര്‍ക്കേഷന്‍. ബംഗളൂരു ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് ധാരാളം പേരെ കേരളത്തിലെ വര്‍ക്കേഷനിലേക്ക് ആകര്‍ഷിക്കാന്‍ വയനാട് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതിയിലൂടെ സാധിച്ചു. ഇത് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് കെടിഡിസി ശ്രമിക്കുന്നത്.

തൊഴിലിടങ്ങളില്‍ നിന്നു മാറിനിന്ന് കൂടുതല്‍ ആസ്വദിച്ചു ജോലി ചെയാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്, ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ കേരളത്തിനു സാധിക്കും. ഇതിനായി വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കെടിഡിസി പ്രത്യേകം സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെടിഡിസിയും ടെക്‌നോപാര്‍ക്കും ചേര്‍ന്നുള്ള വര്‍ക്കേഷന്‍ പദ്ധതിക്കായുള്ള ധാരണാപത്രം കെടിഡിസി മാനേജിംഗ് ഡയറക്റ്റര്‍ ശിഖ സുരേന്ദ്രനും ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെക്‌നോളജിപാര്‍ക്‌സ്- കേരള (ടെക്‌നോപാര്‍ക്ക്) സിഇഒ സഞ്ജീവ്‌നായരും കൈമാറി.