എച്ച് എസ് ബി സിയിൽ ഇന്ത്യക്കാർക്ക് 25,420 കോടിയുടെ നിക്ഷേപം

Posted on: February 9, 2015

HSBC-Bank-board-big

ന്യൂഡൽഹി : എച്ച് എസ് ബി സി ബാങ്കിൽ നിക്ഷേപമുള്ള 1,195 ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്തുവന്നു. രാജ്യത്തെ വൻകിട വ്യവസായികളും രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങളും ഉൾപ്പടെയുള്ളവർക്ക് 25,420 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. എന്നാൽ ഈ നിക്ഷേപങ്ങൾ കള്ളപ്പണമാണോ എന്ന് വ്യക്തമല്ല. നിരവധി രത്‌നവ്യാപാരികൾക്കും എച്ച് എസ് ബി സിയിൽ നിക്ഷേപമുണ്ട്.

നേരത്തെ ഫ്രഞ്ച് അധികൃതർ കൈമാറിയതിനേക്കാൾ ഇരട്ടിയോളം പേരുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. 2011 ൽ 628 പേരുകളാണ് ഫ്രഞ്ചു ഗവൺമെന്റ് പുറത്തുവിട്ടിട്ടുള്ളത്. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഇപ്പോൾ പുറത്തുവന്ന 1195 പേരുടെ നിക്ഷേപങ്ങൾ സംബന്ധിച്ചും അന്വേഷണം നടത്തും.

മുകേഷ് അംബാനിക്ക് 164 കോടി രൂപയുടെ നിക്ഷേപമാണ് എച്ച് എസ് ബി സി യിലുള്ളത്. എന്നാൽ ഈ അക്കൗണ്ടുകളിൽ അസ്വഭാവികതയില്ലെന്ന് റിലയൻസ് വൃത്തങ്ങൾ അറിയിച്ചു. ജെറ്റ് എയർവേസ് ചെയർമാൻ നരേഷ് ഗോയലിന് കോടി രൂപയുടെ നിക്ഷേപമുണ്ട്. കണ്ണൂർ സ്വദേശിനി ആനി മെൽവർഡിന് ഒരു ലക്ഷം ഡോളറിന്റെ നിക്ഷേപമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

അംബാനി സഹോദരൻമാർക്ക് പുറമെ, എ. സി. ബർമൻ, രാജൻ നന്ദ, മുൻ കോൺഗ്രസ് എംപി അനു ടണ്ഡൻ, യശോവർധൻ ബിർള, ചന്ദ്രു ലച്ച്മൻദാസ് രഹേജ, നരേഷ് ഗോയൽ, ബാൽ താക്കറെയുടെ മരുമകൾ സ്മിത താക്കറെ, യുപിഎ മന്ത്രിസഭയിൽ അംഗമായിരുന്ന പ്രണീത് കൗർ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായൺ റാണെയുടെ ഭാര്യ നീലം, മകൻ നിലേഷ് റാണെ, കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന അന്തരിച്ച വസന്ത് സാഥെയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവരാണ് നിക്ഷേപകരുടെ പട്ടികയിലുള്ളത്.