മാരുതി സുസുക്കിക്ക് 1,011 കോടി രൂപ അറ്റാദായം

Posted on: January 27, 2022

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് നടപ്പുസാമ്പത്തികവര്‍ഷം മൂന്നാം ത്രൈമാസത്തില്‍ അറ്റാദായത്തില്‍ 47.90 ശതമാനം ഇടിവ്. മുന്‍വര്‍ഷം മൂന്നാം ത്രൈമാസത്തിലെ 1,941.4 കോടിയില്‍നിന്ന് 1,011.5 കോടിയായാണ് അറ്റാദായം കുറഞ്ഞത്.

ചെലവുകുറയ്ക്കാനുള്ള ശ്രമത്തിനിടയില്‍ ചിപ്പുക്ഷാമത്തില്‍ ഉത്പാദനം കുറഞ്ഞതിനാല്‍ വില്പ്പന ഇടിഞ്ഞതും അസംസ്‌കൃതവസ്തുക്കളുടെ ഉയര്‍ന്നവിലയും ലാഭം കുറയാന്‍ കാരണമായതായി കമ്പനി പറയുന്നു. വില്പ്പനവഴിയുള്ള കമ്പനിയുടെ മൂന്നാം ത്രൈമാസത്തിലെ വരുമാനം 22,187 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഇതേകാലത്തിന് 22,236 കോടി രൂപയായിരുന്നു.

മൂന്നാംത്രൈമാസത്തില്‍ 4,30,668 വാഹനങ്ങളാണ് കമ്പനി നിരത്തിലെത്തിച്ചത്. കഴിഞ്ഞവര്‍ഷം ഇതേകാലത്തിന് 4,95,897 എണ്ണമായിരുന്നു. 2,40,000 ബുക്കിംഗ് നിലനില്‍ക്കെയാണ് വില്പന കുറഞ്ഞത്. ചിപ്പ് ക്ഷാമത്തേത്തുടര്‍ന്ന് ഉത്പാദനത്തില്‍ 90,000 കാറുകളുടെ കുറവുണ്ടായതായും കമ്പനി അറിയിച്ചു.

 

 

TAGS: Maruthi Susuki |