അബ്ദുള്ള രാജാവ് അന്തരിച്ചു

Posted on: January 23, 2015

King-Abdullah-big

റിയാദ് : സൗദി അറേബ്യയിലെ അബ്ദുള്ള രാജാവ് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സൗദി സമയം വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു അദ്ദേഹം വിടവാങ്ങിയത്. 90 വയസായിരുന്നു. അബ്ദുള്ള രാജാവിന്റെ അർധ സഹോദരനും സൗദി  പ്രതിരോധമന്ത്രിയും റിയാദ് ഗവർണറുമായ സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് രാജകുമാരനാണ് അടുത്ത ഭരണാധികാരിയെന്ന് റോയൽ കോർട്ട് അറിയിച്ചു. മുക്രിൻ ബിൻ അബ്ദുൾ അസീസ് രാജകുമാരനാണ് അടുത്ത കിരീടാവകാശി.

അബ്ദുള്ള രാജാവിന്റെ സംസ്‌കാരം വെള്ളിയാഴ്ചത്തെ മധ്യാഹന പ്രാർത്ഥനകൾക്കു ശേഷം നടക്കുമെന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. 1982 ലാണ് അബ്ദുള്ള സൗദി കിരീടാവകാശിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫഹദ് രാജാവ് വിടവാങ്ങിയതിനെ തുടർന്ന് 2005 ൽ സൗദി ഭരണാധികാരിയായി ചുമതലയേറ്റു. സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൾ അസീസ് അൽ സൗദ് രാജാവിന്റെ മകനായി 1924 ൽ റിയാദിലാണ് അദ്ദേഹം ജനിച്ചത്.

വിദ്യാഭ്യാസത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്ന അദ്ദേഹം യൂണിവേഴ്‌സിറ്റികൾ സ്ഥാപിക്കാനും സൗദി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകാനും മുൻകൈയെടുത്തു. ഷുറ കൗൺസിലിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയത് അബ്ദുള്ള രാജാവാണ്. 2015 ലെ മുനിസിപ്പൽ കൗൺസിൽ വനിതകൾക്ക് വോട്ടു ചെയ്യാൻ അനുമതി നൽകിയിരുന്നു. തീവ്രവാദത്തിന് എതിരായ പോരാട്ടത്തിലും അദ്ദേഹം മുൻപന്തിയിലായിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഉൾപ്പടെ നിരവധി ലോകനേതാക്കൾ അബ്ദുള്ള രാജാവിന്റെ ദേഹവിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി.