അക്‌സിസ് ബാങ്ക് 15,000 കോടിയുടെ ബോണ്ട് ഇഷ്യുവിന് ഒരുങ്ങുന്നു

Posted on: January 21, 2015

Axis-Bank-Interior-big

മുംബൈ : മൂലധനസമാഹരണത്തിന്റെ ഭാഗമായി അക്‌സിസ് ബാങ്കിന് 15,000 കോടിയുടെ ബോണ്ട് ഇഷ്യു നടത്താൻ ഡയറക്ടർ ബോർഡ് അനുമതി നൽകി. ദീർഘകാല നോൺ കൺവെർട്ടബിൾ ഡിബെഞ്ചറുകൾ പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി വിതരണം ചെയ്യും.

ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ അക്‌സിസ് ബാങ്കിന്റെ അറ്റാദായം 18 ശതമാനം വർധിച്ച് 1,900 കോടി രൂപയായി. പ്രവർത്തനച്ചെലവുകൾ 15 ശതമാനം വർധിച്ച് 2,314 കോടിയായി. പ്രൊവിഷനിംഗ് മുൻവർഷം ഇതേകാലയളവിലെ 202 കോടിയിൽ നിന്ന് 507 കോടിയായി വർധിച്ചു. അറ്റ പലിശ വരുമാനം 20 ശതമാനവും പലിശ ഇതരവരുമാനം 24 ശതമാനവും വർധിച്ചു.

അറ്റ പലിശമാർജിനിൽ നേരിയ കുറവു വന്നു. 3.97 ശതമാനത്തിൽ നിന്ന് 3.93 ശതമാനമായി. മൊത്ത നിഷ്‌ക്രിയ ആസ്തി 1.25 ശതമാനത്തിൽ നിന്ന് 1.34 ശതമാനമായി. മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശിഖ ശർമ്മയ്ക്ക് 2015 ജൂൺ മുതൽ മൂന്നാം തവണയും മൂന്നു വർഷത്തേക്ക് കാലാവധി നീട്ടി നൽകാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചു.