വൈബ്രന്റ് ഗുജറാത്ത് : 2 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം

Posted on: January 12, 2015

Vibrant-Gujrat-modi-and-ker

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ വ്യവസായികൾ 2 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നൽകി. ഇതുവഴി ഗുജറാത്തിൽ 50,000 തൊഴിലവസരങ്ങളുണ്ടാകും. റിലയൻസ് ഗ്രൂപ്പ് 12-18 മാസത്തിനുള്ളിൽ ഒരു ലക്ഷം കോടിയുടെ മൂലധന നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചു. ആദിത്യബിർള ഗ്രൂപ്പ് 20,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്.

അഡാനി ഗ്രൂപ്പ് ഓസ്‌ട്രേലിയൻ കമ്പനിയായ വുഡ്‌സൈഡുമായി ചേർന്ന് എണ്ണപര്യവേക്ഷണ മേഖലയിൽ മുതൽമുടക്ക് നടത്തും. അമേരിക്കൻ കമ്പനിയായ സൺ എഡിസൺ ഗുജറാത്തിൽ 25,000 കോടി രൂപ മുടക്കി സോളാർ പാർക്ക് സ്ഥാപിക്കും. സോളാർ പാർക്ക് 20,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. വീഡിയോകോൺ ഗ്രൂപ്പ് 2,000 കോടി രൂപ മുതൽമുടക്കിൽ ഫൈബർ ഗ്ലാസ് പ്ലാന്റും കല്യാണി ഗ്രൂപ്പ് 600 കോടി രൂപ ചെലവിൽ പ്രതിരോധമേഖലയ്ക്ക് ആവശ്യമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പ്ലാന്റും സ്ഥാപിക്കും.

ചൈന ലൈറ്റ് & പവർ ഹോൾഡിംഗ്‌സ് (12,400 കോടി രൂപ), വെൽസ്പൺ (8,300 കോടി), സുസ്‌ലോൺ (24,000 കോടി) തുടങ്ങിയവയാണ് മറ്റ് പ്രമുഖ നിക്ഷേപകർ.