കല്യാണ്‍ ജുവല്ലേഴ്‌സ് ഐപിഒ 16 മുതല്‍

Posted on: March 12, 2021

തൃശൂര്‍ : കല്യാണ്‍ ജുവല്ലേഴ്‌സിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ 16 മുതല്‍ ആരംഭിക്കും. ഓഹരിവില്പനയിലൂടെ 1,175 കോടി രൂപ സമാഹരിക്കാനാണ് കല്യാണ്‍ ജുവല്ലേഴ്‌സ് ലക്ഷ്യമിടുന്നത്. പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 86-87 രൂപയാണ് പ്രൈസ് ബാന്‍ഡ്. മിനിമം 172 ഓഹരികള്‍ക്ക് ആണ് അപേക്ഷിക്കേണ്ടത്. ഇഷ്യു മാര്‍ച്ച് 18 ന് ക്ലോസ് ചെയ്യും. കേരളത്തില്‍ നിന്നുള്ള ഒരു കമ്പനി നടത്തുന്ന ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയാണ് കല്യാണ്‍ ജുവല്ലേഴ്‌സിന്റെ ഐപിഒ.

ഇഷ്യുവില്‍ 800 കോടി രൂപയുടെ പുതിയ ഓഹരികള്‍ ഉള്‍പ്പടെ ആകെ 1,175 കോടി രൂപയുടെ ഓഹരികളാണ് വില്‍ക്കുന്നത്. പ്രമോട്ടറായ ടി. എസ്. കല്യാണരാമന്‍ 125 കോടി രൂപയുടെ ഓഹരികളും നിക്ഷേപകരായ ഹൈഡെല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് 250 കോടിയുടെ ഓഹരികളും ഇതില്‍ ഉള്‍പ്പെടുന്നു. ഐപിഒയില്‍ രണ്ടു കോടി രൂപയുടെ ഓഹരികള്‍ യോഗ്യരായ ജീവനക്കാര്‍ക്കു വേണ്ടി നീക്കിവെച്ചിട്ടുണ്ട്.

അക്‌സിസ് കാപ്പിറ്റല്‍, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ്, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ് ബി ഐ കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ്, ബിഒബി കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവയാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍.

ടി.എസ്. കല്യാണരാമന്റെ നേതൃത്വത്തില്‍ 1993 ല്‍ തൃശൂര്‍ കേന്ദ്രമാക്കി ആരംഭിച്ച കല്യാണ്‍ ജുവല്ലേഴ്‌സിന് ഇപ്പോള്‍ അഞ്ച് രാജ്യങ്ങളിലായി 137 ഷോറൂമുകളുണ്ട്. കല്യാണരാമനും മക്കളായ ടി.കെ. സീതാരാമനും ടി.കെ. രമേശുമാണ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍.