എം. ജി. ജോര്‍ജ് മുത്തൂറ്റിന്റെ സംസ്‌കാരം കോഴഞ്ചേരിയില്‍

Posted on: March 6, 2021

ന്യൂഡല്‍ഹി : ഇന്നലെ ഡല്‍ഹിയില്‍ അന്തരിച്ച മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ എം. ജി. ജോര്‍ജ് മുത്തൂറ്റിന്റെ സംസ്‌കാരം പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ നടക്കും. മൃതദേഹം ഇപ്പോള്‍ ഡല്‍ഹി എസ്‌കോര്‍ട്ട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മുത്തൂറ്റ് സ്ഥാപനങ്ങളുടെ സ്ഥാപകന്‍ പരേതനായ നെനാന്‍ മത്തായിയുടെ ചെറു മകനും എം.ജോര്‍ജ് മുത്തൂറ്റിന്റെയും അമ്മിണിജോര്‍ജിന്റെയും മകനുമാണ്. ഭാര്യ : ന്യൂഡല്‍ഹി സെന്റ്‌
ജോര്‍ജ്‌സ് ഹൈസ്‌കൂള്‍ ഡയറക്ടര്‍ സാറാ ജോര്‍ജ്. മക്കള്‍: ജോര്‍ജ് എം. ജോര്‍ജ്, ജോര്‍ജ് എം. അലക്‌സാണ്ടര്‍, പരേതനായ പോള്‍ എം.ജോര്‍ജ്.

മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയശേഷം 1979 ല്‍ മുത്തൂറ്റ് ഗ്രൂപ്പില്‍ ചേര്‍ന്നു. 1993 ല്‍ മാനേജിംഗ്‌ ഡയറക്ടറും പിന്നീടു ചെയര്‍മാനുമായി. അദ്ദേഹം ഈ ചുമതല ഏല്‍ക്കുമ്പോള്‍ കേരളം, ഡല്‍ഹി, ഹരിയാന, ചണ്ഡീഗഡ് എന്നീ നാല് സംസ്ഥാനങ്ങളിലായി 31 ശാഖകള്‍ ആണ് ഉണ്ടായിരുന്നത്. ഇന്നത് ലോകമെമ്പാടും വളര്‍ന്ന് അയ്യായിരത്തിലധികം ശാഖകള്‍ ആയി.

35,500 കോടി രൂപയാണ് മൂന്നു മുത്തൂറ്റ് സഹോദരന്‍മാരുടെയും കൂടി ആസ്തി. ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനവും ഗോള്‍ഡ് ലോണ്‍ കമ്പനിയുമായി മാറി. സ്ഥാപനത്തിന്റെ വളര്‍ച്ചക്കൊപ്പം സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയും അദ്ദേഹം മുന്നില്‍ കണ്ടിരുന്നു. ഓര്‍ത്തഡോക്‌സ് സഭാ ട്രസ്ട്രി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയുടെ കേരള ഘടകം ചെയര്‍മാനായും പ്രവര്‍ത്തിച്ചു.