വെനിസുല മാന്ദ്യത്തിന്റെ പിടിയിൽ

Posted on: December 31, 2014

Venezuela-President-Nicolas

തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ വെനിസുല മാന്ദ്യത്തിന്റെ പിടിയിലായി. നാണയപ്പെരുപ്പം 63 ശതമാനമായി കുതിച്ചുയർന്നു. എണ്ണവിലയിലുണ്ടായ തകർച്ചയാണ് വെനിസുലയ്ക്ക് തിരിച്ചടിയായത്. എണ്ണവില ബാരലിന് സെപ്റ്റംബറിലെ 95 ഡോളറിൽ നിന്ന് ഇന്നലെ 48 ഡോളറായി കുറഞ്ഞതോടെ സാമ്പത്തികവളർച്ച പാളംതെറ്റി.

വെനിസുല സമ്പദ് വ്യവസ്ഥയിൽ ഒന്നാം ക്വാർട്ടറിൽ 4.8 ശതമാനവും രണ്ടാം ക്വാർട്ടറിൽ 4.9 ശതമാനവും മൂന്നാം ക്വാർട്ടറിൽ 2.3 ശതമാനം കുറഞ്ഞതായി വെനിസുല സെൻട്രൽ ബാങ്ക് വെളിപ്പെടുത്തി.

അടുത്തവർഷം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ട പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്ക് മാന്ദ്യം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വില, വാടക എന്നിവയിൽ മദുറോ ഗവൺമെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. വർധിച്ച തോതിൽ എണ്ണ ഉത്പാദനമുണ്ടെങ്കിലും ഭക്ഷണവും മരുന്നും ഉൾപ്പടെയുള്ളവ ഇറക്കുമതി ചെയ്യുകയാണ്. പെട്രോളിനേക്കാൾ വിലയാണ് വെള്ളത്തിനു നൽകേണ്ടി വരുന്നത്.

ഭക്ഷ്യക്ഷാമവും വിലവർധനയും മാർച്ച് മുതൽ വെനിസുലയിൽ അക്രമസമരങ്ങൾക്ക് വഴിതെളിച്ചിരുന്നു. മദുറോ ഗവൺമെന്റിന് എതിരായ വിവിധ സമരങ്ങളിൽ അൻപതോളം പേർ കൊല്ലപ്പെടുകയും ചെയ്തു.