കൊച്ചിയിൽ നിന്ന് മാലിദ്വീപിലേക്ക് ചരക്ക് കപ്പൽ സർവീസ്

Posted on: August 27, 2020

കൊച്ചി : കൊച്ചി തുറമുഖത്ത് നിന്ന് തൂത്തുക്കുടി വഴി മാലിദ്വീപിലെ മാലെ തുറമുഖത്തേക്ക് ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ചരക്ക് കപ്പൽ സർവീസ് തുടങ്ങുന്നു. സെപ്റ്റംബർ മൂന്നാമത്തെ ആഴ്ച മുതൽ കാർഗോ സർവീസ് തുടങ്ങാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. പത്ത് ദിവസമാണ് സർവീസിന് വേണ്ടി വരുന്നത്. 200 ടിഇയു ചരക്ക് കയറ്റാവുന്ന കപ്പലാണ് സർവീസിന് ഉപയോഗിക്കുന്നത്. പുതിയ കപ്പൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കും.

കോവിഡിനെ തുടർന്ന് മാലിദ്വീപിലെ ടൂറിസം രംഗത്തുണ്ടായ തിരിച്ചടി മറികടക്കാൻ ഇന്ത്യ 400 ദശലക്ഷം ഡോളറിന്റെ സഹായം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ 600 ടൺ ഭക്ഷ്യവസ്തുക്കളും 6.2 ടൺ മരുന്നുകളും മാലെ യിൽ എത്തിച്ചിരുന്നു. കൂടാതെ 2018 ഡിസംബറിൽ 1.4 ബില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ചൈനയോട് അനുഭാവം പുലർത്തിയിരുന്ന മാലിദ്വീപ് മൂന്ന് ബില്യൺ ഡോളറിന്റെ കടബാധ്യതകളിൽ നേരിടേണ്ടി വന്നിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ചൈനീസ് കമ്പനികൾക്ക് നൽകേണ്ട തുകയായിരുന്നു ഇത്. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യയെയാണ് മാലിദ്വീപ് ആശ്രയിച്ചത്.