ഐടി കയറ്റുമതി തെലുങ്കാനയ്ക്ക് 12 ശതമാനം വളർച്ചാ പ്രതീക്ഷ

Posted on: December 21, 2014

Hyderabad-Cyber-tower-Big

സോഫ്റ്റ്‌വേർ കയറ്റുമതിയിൽ തെലുങ്കാനയ്ക്ക് നടപ്പുവർഷം (2014-15) 12 ശതമാനം വളർച്ച പ്രതീക്ഷ. 2013-14 ൽ 57,000 കോടിയുടേതായിരുന്നു സോഫ്റ്റ്‌വേർ കയറ്റുമതി. നടപ്പുവർഷം 10 ബില്യൺ ഡോളറിൽ അധികം (63,000 കോടി രൂപ) കയറ്റുമമതി വരുമാനം നേടുമെന്ന് തെലുങ്കാന ഐടി സെക്രട്ടറി ഹർപ്രീത് സിംഗ് പറഞ്ഞു.

ഐടി രംഗത്തെ മേൽക്കോയ്മ നിലനിർത്താൻ വിപുലമായ പരിപാടികളാണ് തെലുങ്കാന ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്. ഒരു വർഷത്തിനുള്ളിൽ ഹൈദരബാദിനെ വൈ ഫൈ നഗരമാക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. സിസ്‌കോ, എയർടെൽ, വോഡഫോൺ തുടങ്ങിയ കമ്പനികൾ പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തായ്‌പെ നഗരത്തിൽ വൈഫൈ ഏർപ്പെടുത്തിയ തായ്‌വാൻ കമ്പനിയും പദ്ധതി നടപ്പാക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. വൈഫൈ ഏർപ്പെടുത്തകയല്ല, അതിൽ നിന്നു വരുമാനം നേടുകയാണ് മുഖ്യവിഷയമെന്ന് ഹർപ്രീത് സിംഗ് ചൂണ്ടിക്കാട്ടി.

30 കോടി രൂപ ചെലവിൽ ഇൻകുബേറ്റർ സൗകര്യം ഏർപ്പെടുത്താനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. 70,000 ചതുരശ്രയടി വിസ്തീർണത്തിൽ 800 സീറ്റുകളാണ് തയാറാവുന്നത്. 500 സ്റ്റാർട്ടപ്പുകൾക്ക് ഇവിടെ സൗകര്യമൊരുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹർപ്രീത് സിംഗ് പറഞ്ഞു