ഫ്‌ളിപ്കാർട്ട് മൂല്യം 11 ബില്യൺ ഡോളർ പിന്നിട്ടു

Posted on: December 20, 2014

Flipkart-CS

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പോർട്ടലായ ഫ്‌ളിപ്കാർട്ടിന്റെ മൂല്യം 11 ബില്യൺ (69,000 കോടി രൂപ) ഡോളർ പിന്നിട്ടു. 2014 ൽ മൂന്നു തവണയാണ് ഫ്‌ളിപ്കാർട്ട് മൂലധന സമാഹരണം നടത്തിയത്. ആദ്യം 210 മില്യൺ (12,00 കോടി രൂപ) ഡോളറും ജൂലൈയിൽ ഒരു ബില്യൺ ഡോളറും (6,000 കോടി രൂപ) കഴിഞ്ഞ ദിവസം 700 മില്യൺ (4,400 കോടി രൂപ) ഡോളറുമാണ് സമാഹരിച്ചത്.

ബല്ലി ഗിഫോർഡ്, ഗ്രീൻഓക്‌സ് കാപ്പിറ്റൽ, സ്റ്റെഡ് വ്യു കാപ്പിറ്റൽ, ടി. റോവ് പ്രൈസ് അസോസിയേറ്റ്‌സ്, ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടി എന്നീ സ്ഥാപനങ്ങളാണ് ഫ്‌ളിപ്കാർട്ടിൽ പുതുതായി നിക്ഷേപം നടത്തിയിട്ടുള്ളത്.

ഡി എസ് ടി ഗ്ലോബൽ, ജിഐസി, ഐസിഒഎൻഐക്യു കാപ്പിറ്റൽ, ടൈഗർ ഗ്ലോബൽ എന്നിവരാണ് നിലവിലുള്ള നിക്ഷേപകർ. ഈ കമ്പനികളും ഇത്തവണയും നിക്ഷേപം നടത്തിയിട്ടുണ്ട്. സിംഗപ്പൂരിൽ ഇൻകോർപറേറ്റ് ചെയ്ത ഫ്‌ളിപ്കാർട്ട് ലിമിറ്റഡ് ഓഹരിയുടമകളുടെ എണ്ണം 50 പിന്നിട്ടതോടെ പബ്ലിക്ക് കമ്പനിയാക്കി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

2007 ൽ ആരംഭിച്ച ഫ്‌ളിപ്കാർട്ടിന് 26 ദശലക്ഷം രജിസ്റ്റേർഡ് ഇടപാടുകാരുണ്ട്. പ്രതിദിനം എൺപത് ലക്ഷത്തിലധികം പേരാണ് ഫ്‌ളിപ്കാർട്ട് വെബ്‌സൈറ്റ് സന്ദർശിക്കുന്നത്.