കോവിഡ്19 വ്യാപനം ദോഷകരമായി ബാധിച്ചിട്ടില്ലെന്ന് എസ് ബി ഐ ചെയർമാൻ

Posted on: June 22, 2020

ന്യൂഡൽഹി : കോവിഡ്19 വ്യാപനം എസ് ബി ഐ യുടെ പ്രവർത്തനഫലത്തെ ദോഷകരമായി ബാധിക്കില്ലെന്ന് ബാങ്ക് ചെയർമാൻ രജനീഷ് കുമാർ. സർക്കാർ, അർധസർക്കാർ മേഖലകളിൽ നിന്നുള്ള ഇടപാടുകൾ നല്ല രീതിയിൽ നടക്കുന്നുണ്ട്. മുൻ സാമ്പത്തിക വർഷത്തെ മികച്ച പ്രകടനം ഈ വർഷവും തുടരാനാകുമെന്നും ഓഹരി ഉടമകൾക്കുള്ള കത്തിൽ ചെയർമാൻ വ്യക്തമാക്കി.

കോവിഡ് ഇടപാടുകാരുടെ താത്പര്യങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചു. യോനോ ആപ്പ് വിപുലമാക്കി, ഒട്ടുമിക്ക ഇടപാടുകളും അതിലൂടെ അനായാസം ചെയ്യാനാവും വിധം ക്രമീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആറു മാസത്തിനുള്ളിൽ യോനോ ഉപയോഗിക്കുന്നവരുടെ എണ്ണം ഇരട്ടിയാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

ജീവനക്കാർക്ക് എവിടെയിരുന്നും ജോലി ചെയ്യാവുന്ന സാഹചര്യത്തിലേക്ക് ബാങ്ക് അതിവേഗം മുന്നേറുകയാണ്. വീട്ടിലിരുന്നു ജോലി എന്ന നയം എവിടെയിരുന്നും ജോലി എന്ന രീതിയിലേക്ക് മാറ്റുകയാണ്. പൊതുമേഖലയിൽ എവിടെയിരുന്നും ജോലി എന്ന ആശയം ആദ്യ പ്രഖ്യാപിച്ചത് എസ് ബി ഐ ആണ്. ബാങ്കിന്റെ 19 വിദേശ ഓഫീസുകൾ ഈ രീതിയിലേക്ക് മാറിക്കഴിഞ്ഞതായി ചെയർമാൻ ചൂണ്ടിക്കാട്ടി.