റിലയൻസ് ഇനി കടരഹിത കമ്പനി ; വിപണി മൂല്യം 11 ലക്ഷം കോടി കടന്നു

Posted on: June 20, 2020

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് കടരഹിത കമ്പനിയായെന്ന് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ വിപണിമൂല്യം 11 ലക്ഷം കോടി രൂപ കടന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. മാർച്ച് 31 ലെ കണക്കുകൾ അനുസരിച്ച് റിലയൻസിന് 1.61 ലക്ഷം കോടി രൂപയുടെ കടബാധ്യതകളുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഫേസ് ബുക്ക് ഉൾപ്പടെയുള്ള വിദേശ നിക്ഷേപകരിൽ നിന്ന് 1.15 ലക്ഷം കോടി രൂപ റിലയൻസ് സമാഹരിച്ചിരുന്നു. ഇതിനായി ജിയോ പ്ലാറ്റ്‌ഫോംസിലെ 24.70 ശതമാനം ഓഹരികളാണ് വിറ്റഴിച്ചത്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഓഹരികളുടെ വില്പനയിലൂടെ 53,124.20 കോടി രൂപ വേറെയും സമാഹരിച്ചിരുന്നു. കൂടാതെ പെട്രോളിയം റീട്ടെയ്ൽ സംരംഭത്തിന്റെ 49 ശതമാനം ഓഹരികൾ ബ്രിട്ടീഷ് പെട്രോളിയത്തിന് നൽകിയതിലൂടെ 7000 കോടി കൂടി ലഭിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് കടബാധ്യതകൾ പൂർണമായും ഒഴിവാക്കാനാകുമെന്ന് കമ്പനി ഓഹരിവിപണിയെ അറിയിച്ചിരുന്നു. ഇതോടെ റിലയൻസ് ഓഹരിവില കുതിച്ചുയർന്നു.

കോവിഡ്19 നെ തുടർന്ന് മാർച്ച് 23 ന് 867.82 രൂപയിലേക്ക് തകർന്ന റിലയൻസ് ഓഹരിവില ഇന്നലെ 1788.60 രൂപ വരെ ഉയർന്നു. തുടർന്ന് 1764 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ റിലയൻസിന്റെ വിപണിമൂല്യം 11.15 ലക്ഷം കോടി രൂപയായി.