ഒമ്പതുലക്ഷം കോടിയുടെ പാക്കേജ് വേണമെന്ന് ഫിക്കി

Posted on: May 12, 2020

മുംബൈ : കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്തിട്ടുള്ള സാമ്പത്തികമാന്ദ്യം മറികടക്കാന്‍ അടിയന്തരമായി ഒമ്പതുമുതല്‍ പത്തുലക്ഷം കോടി രൂപ വരെ വരുന്ന പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി).

മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ നാലുമുതല്‍ അഞ്ചു ശതമാനം വരെ വരുന്ന പാക്കേജ് ആവശ്യമായുണ്ട്. ഇപ്പോള്‍ വന്‍കിട-ചെറുകിട വ്യവസായമേഖലയെ സഹായിച്ചില്ലെങ്കില്‍ അത് രാജ്യത്ത് വലിയരീതിയിലുള്ള തൊഴില്‍ നഷ്ടം ഉണ്ടാക്കും. ഇത് ഉപഭോഗം വീണ്ടും കുറയാനിടയാക്കുമെന്ന് ഫിക്കി പ്രസിഡന്റ് സംഗീത റെഡ്ഡി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് അയച്ച കത്തില്‍ മുന്നറിയിപ്പു നല്‍കി.

ഇത്തരമൊരു സ്ഥിതി വന്നാല്‍ സര്‍ക്കാരിന്റെ നികുതിവരുമാനം വീണ്ടും താഴെപ്പോകും. രാജ്യത്തെ ധനക്കമ്മിയും ഉയരും. കുറച്ചുകാലത്തേക്കെങ്കിലും വിപണിയില്‍ മാന്ദ്യം തുടര്‍ന്നാല്‍ സമ്പദ് വ്യവസ്ഥയില്‍ അതുണ്ടാക്കുന്ന ആഘാതം വലുതായിരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. അതുകൊണ്ട് വ്യവസായമേഖലയ്ക്കായി പാക്കേജ് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തൊഴിലാളികളെ പിരിച്ചുവിടരുതെന്നതുള്‍പ്പെടെ ഇതിനായി നിബന്ധന ഏര്‍പ്പെടുത്താം. ഇത് പാലിക്കുന്നവര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞാല്‍ ഗ്രാന്റെന്നനിലയില്‍ പലിശ കുറച്ചുനല്‍കിയാല്‍ മതിയെന്നാണ് ഇവര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അടിസ്ഥാനസൗകര്യ വികസന മേഖലയ്ക്കായി അനുവദിച്ചിട്ടുള്ള 1.7 ലക്ഷം കോടി രൂപ അടിയന്തരമായി ചെലവഴിക്കണം. ഇത് ആളുകളുടെ കൈവശം പണമെത്താന്‍ ഉപകരിക്കും. നിര്‍മാണമേഖലയ്ക്കും സഹായമാകും. വിമാനക്കമ്പനികള്‍, വിമാനത്താവള നിര്‍മാതാക്കള്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം, റീട്ടെയില്‍, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ക്കും അടിയന്തരമായി പാക്കേജ് ആവശ്യമാണെന്ന് ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

TAGS: Ficci |