കാർ വില്പനയിൽ കുതിപ്പ്

Posted on: December 3, 2014

Car-Sales-Bigരാജ്യത്തെ കാർവില്പനയിൽ നവംബർ മാസം വൻകുതിപ്പ്. മാരുതിയും ടൊയൊട്ടയും ഉൾപ്പടെയുള്ള കമ്പനികൾ ഇരട്ടയക്ക വളർച്ച രേഖപ്പെടുത്തി. കുറഞ്ഞ ഇന്ധനവിലയും പണപ്പെരുപ്പവും കാർ നിർമാതാക്കളെ തുണച്ചു.

മാരുതി സുസുക്കി കഴിഞ്ഞമാസം 100,024 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുൻവർഷം ഇതേകാലയളവിൽ 85,510 യൂണിറ്റുകളായിരുന്നു വില്പന. 17 ശതമാനം വളർച്ച. കയറ്റുമതി മുൻവർഷം ഇതേകാലയളവിലെ 6630 യൂണിറ്റുകളിൽ നിന്ന് 52.7 ശതമാനം വർധിച്ച് 10,123 യൂണിറ്റുകളായി.

ടൊയോട്ട കിർലോസ്‌ക്കറിന്റെ വില്പന 11 ശതമാനം വർധിച്ച് 14,134 യൂണിറ്റുകളായി. 2013 നവംബറിൽ 12,748 യൂണിറ്റുകളായിരുന്നു വില്പന. ആഭ്യന്തരവില്പന 12,175 യൂണിറ്റുകളും കയറ്റുമതി 1,959 യൂണിറ്റുകളുമായിരുന്നു.

ഹ്യുണ്ടായ് കാറുകളുടെ വില്പന 8.7 ശതമാനം വർധിച്ച് 54,011 യൂണിറ്റുകളായി. മുൻവർഷം നവംബറിൽ 49,681 കാറുകളായിരുന്നു വില്പന. ആഭ്യന്തരവില്പന 2013 നവംബറിലെ 33,501 യൂണിറ്റുകളിൽ നിന്ന് 6 ശതമാനം വർധിച്ച് 35,511 യൂണിറ്റുകളായി. കയറ്റുമതി 16,810 യൂണിറ്റുകളിൽ നിന്ന് 14.7 ശതമാനം വർധിച്ച് 18,500 യൂണിറ്റുകളായി.

അതേസമയം ജനറൽ മോട്ടോഴ്‌സിന്റെ വില്പനയിൽ കനത്ത ഇടിവ് സംഭവിച്ചു. ജിഎമ്മിന്റെ വില്പന 2013 നവംബറിലെ 6,214 യൂണിറ്റുകളിൽ നിന്ന് 33 ശതമാനം കുറഞ്ഞ് 4,157 യൂണിറ്റുകളായി.