ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം മാര്‍ച്ചില്‍

Posted on: February 15, 2020

 

മുംബൈ : പൊതുമേഖലയിലുള്ള മൂന്ന് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ ലയനം മാര്‍ച്ചോടെ പൂര്‍ത്തിയായേക്കും. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയാണ് ലയിപ്പിക്കുന്നത്. ലയനത്തിന് മൂന്നു കമ്പനികളുടെയും ബോര്‍ഡ്യോഗം തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
ലയന നടപടികള്‍ മാര്‍ച്ചോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ലയനത്തിലുള്ള അംഗീകാരം മന്ത്രിസഭയുടെ പരിഗണനയിലാണിപ്പോള്‍. വൈകാതെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.

ലയനശേഷം പുതിയ കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് കേന്ദ്ര ധനകാര്യസെക്രട്ടറി രാജീവ് കുമാര്‍ വ്യക്തമാക്കി. ലയനത്തിന്റെ ഭാഗമായി പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി 6,950 കോടി രൂപയുടെ മൂലധനം ലഭ്യമാക്കുമെന്ന് ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൂന്നു കമ്പനികള്‍ക്കുമായി 2500 കോടി രൂപയുടെ ആദ്യ ഗഡു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.