ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് ടാറ്റാ സണ്‍സിലെ ഓഹരികള്‍ പണയപ്പെടുത്തി

Posted on: January 15, 2020

മുംബൈ : കടബാധ്യതയാല്‍ പ്രതിസന്ധി നേരിടുന്ന ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് (എസ്.പി.ഗ്രൂപ്പ്) ടാറ്റാ സണ്‍സിലെ ഓഹരികള്‍ പണയപ്പെടുത്തി 1400 കോടി രൂപ സമാഹരിച്ചു. ഡച്ച് ബാങ്ക് ആണ് പണയം ലഭ്യമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്യപ്പെട്ട സൈറസ് മിസ്ത്രിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് എസ്. പി. ഗ്രൂപ്പ്. ഇതിനു കീഴിലുള്ള സൈറസ് ഇന്‍വെസ്റ്റ്‌മെന്റ് സ്റ്റെര്‍ലിംഗ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവയ്ക്ക് സ്റ്റെര്‍ലിംഗ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവയ്ക്ക് ടാറ്റാ സണ്‍സില്‍ ആകെ 18.37 ശതമാനം ഓഹരികളാണ് ഉള്ളത്. ഇതിന്റെ വിപണിമൂല്യം ഏകദേശം 1,40,000 കോടി രൂപവരെവരുമെന്നാണ് കണക്കാക്കുന്നത്.

ടാറ്റാ ഗ്രൂപ്പിന്റെ നിയമാവലിയനുസരിച്ച് ഓഹരികള്‍ പുറത്തുള്ളവര്‍ക്ക് കൈമാറണമെങ്കില്‍ ബോര്‍ഡിന്റെ അനുമതി വേണം. ഓഹരിയുടമകള്‍ക്ക് പരസ്പരം ഓഹരികള്‍ കൈമാറാന്‍ വ്യവസ്ഥയുണ്ട്. ഇതിനു കഴിഞ്ഞില്ലെങ്കില്‍ കൈമാറ്റത്തിന് ബോര്‍ഡാണ് ബദല്‍ സംവിധാനം കണ്ടെത്തേണ്ടത്. നിലവില്‍ എസ്. പി. ഗ്രൂപ്പ് ഓഹരികള്‍ കൈമാറിയിട്ടില്ല. പണയപ്പെടുത്തുക മാത്രമാണു ചെയ്തത്.

2016 ഒക്ടോബറില്‍ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ നടപടിക്കെതിരെ സൈറസ് മിസ്ത്രി ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കുന്നു. ടാറ്റാ സണ്‍സിലെ ചെറുകിട ഓഹരിയുടമകളുടെ താത്പര്യം സംരക്ഷിക്കുന്നതിന്റെ പേരിലായിരുന്നു പരാതിയെങ്കിലും സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് വീണ്ടും നിയമിക്കണമെന്നായിരുന്നു വിധി.

പബ്ലിക് കമ്പനിയായിരുന്ന ടാറ്റാ സണ്‍സിനെ 2017 – ല്‍ പ്രൈവറ്റ് കമ്പനിയാക്കിമാറ്റിയ നടപടി നിയമവിരുദ്ധമാണെന്നും എന്‍.സി.എല്‍.എ.ടി ഉത്തരവിട്ടു. ഇതിനെതിരേ ടാറ്റ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്‍.സി.എല്‍.എ.ടി. ഉത്തരവ് നിലവില്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.