ഹൈതം ബിൻ താരിഖ് അൽ സെയ്ദ് ഒമാൻ സുൽത്താനായി അധികാരമേറ്റു

Posted on: January 12, 2020

മസക്കറ്റ് : ഒമാൻ സുൽത്താനായി ഹിസ് മെജസ്റ്റി ഹൈതം ബിൻ താരിഖ് അൽ സെയ്ദ് അധികാരമേറ്റു. അന്തരിച്ച സുൽത്താൻ ഖാബൂസിന്റെ പിതൃ സഹോദര പുത്രനാണ് പുതിയ ഒമാൻ ഭരണാധികാരി. വികസനരംഗത്തും നയതന്ത്രരംഗത്തും സുൽത്താൻ ഖാബൂസിന്റെ പാത പിന്തുടരുമെന്ന് അധികാരമേറ്റ ശേഷം രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. സുൽത്താൻ ഖാബൂസിന്റെ വേർപാടിൽ അനുശോചനം അറിയിക്കാൻ എത്തുന്ന വിശിഷ്ടാതിഥികളെ പുതിയ സുൽത്താൻ ഇന്ന് മുതൽ സ്വീകരിക്കും.

ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്നും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹൈതം ബിൻ താരിഖ് ഭാവി വികസനപദ്ധതിയായ ഒമാൻ 2040 യുടെ തലവനാണ്. പൈതൃക വകുപ്പ് മുൻ മന്ത്രിയായിരുന്നു.

തന്റെ പിൻഗാമിയെക്കുറിച്ച് സുൽത്താൻ ഖാബൂസ് തയാറാക്കിയ മുദ്രവെച്ച കവർ തുറന്നാണ് പുതിയ സുൽത്താനെ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച വരെ ഒമാനിലെ പൊതു-സ്വകാര്യമേഖല സ്ഥാപനങ്ങൾക്ക് എല്ലാം അവധിയാണ്. ഇതിനു പുറമെ 40 ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.