റിലയൻസ് 2400 കോടി ഡോളർ ആസ്തിയുള്ള ഡിജിറ്റൽ സർവീസ് കമ്പനി തുടങ്ങുന്നു

Posted on: October 29, 2019

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് 2400 കോടി ഡോളർ ആസ്തിയുള്ള ഡിജിറ്റൽ സർവീസ് കമ്പനി തുടങ്ങുന്നു. ആമസോണും ഫ്‌ളിപ്കാർട്ടും അടക്കിവാഴുന്ന ഇ-കൊമേഴ്‌സ് വിപണിയിൽ ചുവടുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ ഹോൾഡിംഗ് കമ്പനി. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ്, ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ അലിബാബ എന്നിവയുടെ മാതൃകയിലാകും പുതിയ കമ്പനി.

ഇ-കൊമേഴ്‌സിന് പുറമെ ഡാറ്റാ, ഡിജിറ്റൽ സർവീസ് തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകാനാണ് റിലയൻസിന്റെ നീക്കം. റിലയൻസ് ജിയോയുടെ ബാധ്യതകൾ ഡിജിറ്റൽ സർവീസ് കമ്പനി ഏറ്റെടുക്കും. 2020 മാര്‌ച്ചോടെ ജിയോയെ ബാധ്യതകളില്ലാത്ത കമ്പനിയായി മാറ്റുകയാണ് റിലയൻസിന്റെ ലക്ഷ്യം. സെപ്റ്റംബർ 30 ലെ കണക്കുകൾ പ്രകാരം ജിയോയുടെ ബാധ്യത 84,000 കോടി രൂപയാണ്. ജിയോയിൽ 65,000 കോടി രൂപയാണ് റിലയൻസിന്റെ നിക്ഷേപം.