എസ് ബി ഐക്ക് ലാഭം 3012 കോടി

Posted on: October 26, 2019

മുംബൈ കിട്ടാക്കടപ്രതിസന്ധി അയഞ്ഞതുകൊണ്ടും എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലെ ഓഹരി വിറ്റ് ലാഭം നേടാനായതുകൊണ്ടും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ത്രൈമാസ ലാഭത്തില്‍ വന്‍ വര്‍ധന. 2018 ജൂലൈ- സെപ്റ്റംബര്‍ കാലത്തേതിന്റെ (945 കോടി രൂപ) മൂന്നിരട്ടിയിലധികമാണഅ ഇക്കുറി ലാഭം (3012 കോടി രൂപ)

മൊത്തം വായ്പകളുടെ 7.2 % ആണ് കിട്ടാക്കടം. ഇത് മുന്‍കൊല്ലം ഇതേ ക്വാര്‍ട്ടറില്‍ 9.95 % ആയിരുന്നു. ഇക്കൊല്ലം ഏപ്രില്‍ ജൂണ്‍ വേളയില്‍ 7.5 ശതമാനവും. 23 ലക്ഷം കോടി രൂപ മൊത്തം വായ്പയുള്ളതില്‍ 8000 കോടി രൂപയുടേതിന്റെ തിരിച്ചടവില്‍ പ്രതി സന്ധിയുള്ളത് അസ്വാഭാവികമല്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ രജ്‌നീഷ് കുമാര്‍ പറഞ്ഞു.

കമ്പനികള്‍ക്കുള്ള വായ്പയെക്കാള്‍ വളര്‍ച്ച റീട്ടെയില്‍ വായ്പകള്‍ക്കാണ്. കമ്പനികള്‍ അനുവദിക്കപ്പെട്ട വായ്പപോലും പൂര്‍ണമായി എടുക്കാത്തതിനാല്‍ ഈ രംഗത്തു വളര്‍ച്ച 9 % മാത്രം. വ്യക്തികളെടുക്കുന്ന വായ്പകളില്‍ വര്‍ധന 19% ആണ്. മൊത്തം വായ്പകളുടെ 60 % ഇത്തരം റീട്ടെയില്‍ വായ്പകളാണ്.

എസ്ബിഐ ലൈഫിന്റെ 4.5% ഓഹരി വിറ്റ് 3500 കോടി രൂപയാണു നേടിയത്. ഒക് ടോബര്‍ – ഡിസംബര്‍ പാദത്തില്‍ കിട്ടാക്കടമാകാനിടയുള്ള വായ്പകളില്‍ മുഖ്യം ഡിഎച്ച്എഫ്എല്‍ ആണ്. 7000 കോടി രൂപയാണ് എസ്ബിഐ നല്‍കിയിട്ടുള്ള വായ്പ.

കിട്ടാക്കടങ്ങള്‍ നേരിടാന്‍ മാറ്റിവയ്ക്കുന്ന തുകയുടെ അനുപാദം 81.23% ആയിട്ടുണ്ട്. ഈ ക്വാര്‍ട്ടറില്‍ 12000 കോടിയുടെ വായ്പകള്‍ എഴുതിത്തള്ളിയതായും എസ്ബിഐ അറിയിച്ചു.
എസ്ബിഐയുടെ ഓഹരിവില ഇന്നലെ 7.2% ഉയര്‍ന്ന് 282 രൂപയായി.

TAGS: SBI |