ഫോര്‍ഡിന്റെ നിയന്ത്രണം മഹീന്ദ്ര ഗ്രൂപ്പിന്

Posted on: October 2, 2019

ന്യൂഡല്‍ഹി : അമേരിക്കന്‍ കാര്‍ നിര്‍മാണക്കമ്പനിയായ ഫോര്‍ഡിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം മഹീന്ദ്ര ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ഫോര്‍ഡ് ഇന്ത്യയുടെ 51 % ഓഹരി 657 കോടി രൂപ മുതല്‍മുടക്കി മഹീന്ദ്ര സ്വന്തമാക്കുകയാണ്. ചെന്നൈയിലെയും ഗുജറാത്തിലെ സനന്ദിലെയും കാര്‍നിര്‍മാണശാലകളും ഇന്ത്യയിലെ ബിസിനസും ജീവനക്കാരും മാത്രമല്ല ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും ഇടപാടില്‍ ഉള്‍പ്പെടും. സനന്തിലെ കാര്‍ എന്‍ജിന്‍ നിര്‍മാണശാല ഫോര്‍ഡിന്റെ ഉടമസ്ഥതയില്‍ തുടരും. ഫോര്‍ഡ് മറ്റു രാജ്യങ്ങളില്‍ കാര്‍ നിര്‍മാണത്തിന് ഇവിടെ നിന്നുള്ള എന്‍ജിനുകള്‍ ഉപയോഗിക്കുന്നുണ്ട്.

ഓഹരി വാങ്ങാനും ബിസിനസ് വിപുലീകരണത്തിനുമായി 1400 കോടി രൂപ നിക്ഷേപിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു. മഹീന്ദ്രയുടെ വിപുലമായ ശൃംഖലയും ഇന്ത്യന്‍ സാഹചര്യങ്ങള്‍ നേരിടാനുള്ള അനുഭവ സമ്പത്തും ഫോര്‍ഡിന്റെ സാങ്കേതിക വൈദഗ്ധ്യവും ആഗോള സാന്നിധ്യവും സംയോജിക്കുന്നതോടെ വലിയ വിജയത്തിനു വഴിയൊരുങ്ങുമെന്ന് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഏറ്റെടുക്കല്‍ അടുത്ത വര്‍ഷം പകുതിയോടെ പൂര്‍ത്തിയാകും. ഫോര്‍ഡിന്റെ പ്രതിനിധികളും കമ്പനി നേതൃത്വത്തിലുണ്ടാകും. മഹീന്ദ്രയും ഫോര്‍ഡും സ്വതന്ത്ര ബ്രാന്‍ഡുകളായിത്തന്നെ നിലനില്‍ക്കും.

TAGS: Ford | Mahindra |