ഹുറുണ്‍ ഇന്ത്യ സമ്പന്ന പട്ടിക : മലയാളികളില്‍ ഒന്നാമന്‍ യൂസഫലി !

Posted on: September 26, 2019

കൊച്ചി : ഐ.ഐ.എഫ്. എല്‍. വെല്‍ത്ത് ഹുറുണ്‍ പുറത്തിറക്കിയ ഇന്ത്യയിലെ അതി സമ്പന്നരുടെ പട്ടികയില്‍ 23 മലയാളികള്‍ ഇടം നേടി. ഇത്തവണയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലിയാണ് മലയാളി സമ്പന്നരില്‍ ഒന്നാമത്. 35,700 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. ഇന്ത്യന്‍ സമ്പന്നരില്‍ 21-ാം സ്ഥാനത്താണ് അദ്ദേഹം ഇടംപിടിച്ചിട്ടുള്ളത്.

വി. പി.എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷംഷീര്‍ വയലില്‍ (ആസ്തി 13,200 കോടി രൂപ) മലയാളികളില്‍ രണ്ടാം സ്ഥാനവും ഇന്ത്യന്‍ സമ്പന്നരില്‍ 58-ാം സ്ഥാനവും നേടി. 11,600 കോടി രൂപയുടെ ആസ്തിയുമായി ആര്‍. പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ രവി പിള്ള (69-ാം സ്ഥാനം) മൂന്നാം സ്ഥാനത്തും 10,600 കോടി രൂപയുടെ ആസ്തിയുമായി ഗൂഗിള്‍ ക്ലൗഡ് സി.ഇ.ഒ. തോമസ് കുര്യന്‍(80-ാം സ്ഥാനം) നാലാം സ്ഥാനത്തും 9,400 കോടി രൂപയുടെ ആസ്തിയുമായി ആലുക്കാസ് ജൂവലറി സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലുക്കാസ് (98-ാം സ്ഥാനം) അഞ്ചാം സ്ഥാനത്തും ഇടം നേടി.

ശോഭ ലിമിറ്റഡ് ചെയര്‍മാന്‍ പി. എന്‍. സി. മേനോന്‍ (8,800 കോടി), ഭാര്യ ശോഭ മേനോന്‍ (5,200 കോടി) കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും എം. ഡി.യുമായ ടി. എസ്. കല്യാണരാമനും കുടുംബവും (5,200 കോടി) മുത്തൂറ്റ് ഫിനാന്‍സ് എം. ഡി. ജോര്‍ജ് അലക്‌സാണ്ടര്‍ (4,000 കോടി), മണപ്പുറം ഫിനാന്‍സ്സ എം. ഡി. വി. പി. നന്ദകുമാര്‍ (3,700 കോടി) എന്നിവരാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് മലയാളികള്‍ ശോഭ മേനോന്‍, ബിന്ദു പി. എന്‍. സി. മേനോന്‍, സൂസന്‍ തോമസ്, ഷീല കൊച്ചൗസേപ്പ്, അന്ന അലക്‌സാണ്ടര്‍, എലിസബത്ത് ജോക്കബ്, ലത മാത്യൂസ്, സാറാ ജോര്‍ജ് എന്നീ എട്ട് മലയാളി വനിതകളാണ് ഇത്തവണ പട്ടികയില്‍ ഇടം പിടിച്ചത്. അതേ സമയം, ഇന്ത്യന്‍ ധനികരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഒരു വനിതപോലുമില്ല.

തുടര്‍ച്ചയായി എട്ടാം തവണയും മുകേഷ് അംബാനി ഹുറുണ്‍ പട്ടികയില്‍ ഒന്നാമതെത്തി. 3.8 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലോകത്തിലെ അതി സമ്പന്നരില്‍ എട്ടാം സ്ഥാനത്താണ് അംബാനി. 1.86 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി എസ്. പി. ഹിന്ദുജയും കുടുംബവുമാണ് ഇന്ത്യന്‍ മ്പന്നരില്‍ രണ്ടാം സ്ഥാനത്തുള്ളത്.

വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചു. 1.17 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലക്ഷ്മി മിത്തലും കുടുംബവും (1.07 ലക്ഷം കോടി രൂപ). ഗൗതം അതാനി (94,500 കോടി) എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി.

TAGS: M.A Yusafali |