കാനറ ബാങ്ക് ഹൗസിംഗ് ഫിനാൻസ് കമ്പനിയെ കൈയൊഴിയുന്നു

Posted on: September 12, 2019

മുംബൈ : കാനറ ബാങ്ക് ഹൗസിംഗ് ഫിനാൻസ് കമ്പനിയായ കാൻഫിൻ ഹോംസിലെ ഓഹരികൾ പൂർണമായും വിൽക്കുന്നു. കാൻഫിൻ ഹോംസിൽ 30 ശതമാനം ഓഹരികളാണ് കാനറ ബാങ്കിനുള്ളത്. ആയിരം കോടി രൂപയ്ക്ക് അടുത്താണ് ഓഹരികളുടെ മൂല്യം കണക്കാക്കിയിട്ടുള്ളത്. കാൻ ഫിൻ ഹോംസിനെ ഏറ്റെടുക്കാൻ 12 നിക്ഷേപകർ താത്പര്യം കാണിച്ചിട്ടുണ്ടെന്ന് കാനറ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആർ.എ. ശങ്കരനാരായണൻ പറഞ്ഞു.

നിരവധി നോൺബാങ്കിംഗ് ഫിനാൻസ് കമ്പനികളും കാൻ ഫിൻ ഹോംസിനെ ഏറ്റെടുക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. രാജ്യവ്യാപകമായി 154 ശാഖകളാണ് കാൻ ഫിൻ ഹോംസിനുള്ളത്. എഴുപതു കോടി രൂപ അംഗീകൃത മൂലധനവും 26.64 കോടി രൂപ അടച്ചുതീർത്ത മൂലധനവുമാണ് കാൻ ഫിൻ ഹോംസിനുള്ളത്. കാനറ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്കിനെ ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് കാൻ ഫിൻ ഹോംസിന്റെ വില്പന.