ആദ്യമന്ത്രിസഭാ യോഗം വൈകുന്നേരം ; മന്ത്രിമാരുടെ വകുപ്പുകൾ ഇന്ന് പ്രഖ്യാപിക്കും

Posted on: May 31, 2019

ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗം ഇന്നു വൈകുന്നേരം അഞ്ചിന് ചേരും. മന്ത്രിസഭ യോഗത്തിന് മുമ്പ് പുതിയ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിക്കും. അമിത് ഷാ ധനമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. രാജ്‌നാഥ് സിംഗ് ആഭ്യന്തരമന്ത്രിസ്ഥാനത്ത് തുടർന്നേക്കും. മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ വിദേശകാര്യമന്ത്രിയായേക്കും. നിർമ്മല സീതാരാമൻ പ്രതിരോധമന്ത്രിയായേക്കും. സ്മൃതി ഇറാനിക്ക് പ്രധാനപ്പെട്ട ഒരു വകുപ്പ് ലഭിച്ചേക്കും.

നിതിൻ ഗഡ്ക്കരി പഴയ വകുപ്പുകളിൽ (ഉപരിതലഗതാഗതം) തന്നെ തുടർന്നേക്കും. പ്രധാനമന്ത്രി ഉൾപ്പടെ 58 പേരാണ് മന്ത്രിസഭയിലുള്ളത്. 25 കാബിനറ്റ് മന്ത്രിമാരും 33 സഹമന്ത്രിമാരും. ഇവരിൽ 9 പേർ സ്വതന്ത്ര ചുമതലയുള്ളവരാണ്.

പ്രോട്ടൈം സ്പീക്കറുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. അമിത് ഷാ പാർട്ടി അധ്യക്ഷ പദവിയിൽ തുടർന്നുകൊണ്ട് മുൻ കേന്ദ്രമന്ത്രി ജെ. പി. നഡ്ഡയെ ബിജെപി വർക്കിംഗ് പ്രസിഡന്റാക്കുമെന്നും സൂചനകളുണ്ട്.