രണ്ടാം മോദി സർക്കാരിൽ 56 മന്ത്രിമാർ ; രാജ്‌നാഥ് സിംഗ് രണ്ടാമൻ

Posted on: May 30, 2019

ന്യൂഡൽഹി : രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റു. 25 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും ഉൾപ്പടെ 56 പേരാണ് മന്ത്രിസഭയിലുള്ളത്. പ്രധാനമന്ത്രിക്കു ശേഷം രാജ്‌നാഥ് സിംഗ് ആണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ബിജെപി അധ്യക്ഷൻ അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും അപ്രതീക്ഷിതമായി മന്ത്രിസഭയിലെത്തി.

നിതിൻ ഗഡ്ക്കരി, സദാനന്ദ ഗൗഡ, നിർമ്മല സീതാരാമൻ, രവിശങ്കർ പ്രസാദ്, സ്മൃതി ഇറാനി, ഡോ. ഹർഷവർധൻ, പ്രകാശ് ജാവദേക്കർ, പീയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, മുക്താർ അബാസ് നഖ്‌വി, രാംവിലാസ് പസ്വാൻ, അർജുൻ മുണ്ടെ, ഗിരിരാജ് സിംഗ് തുടങ്ങിയവരാണ് മന്ത്രിസഭയിലെ പ്രമുഖർ.

ബിജെപി കേരള മുൻ അധ്യക്ഷൻ വി. മുരളീധരൻ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് അദ്ദേഹം.

അരുൺ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, മനേക ഗാന്ധി, സുരേഷ് പ്രഭു, ജയന്ത് സിൻഹ, അൽഫോൺസ് കണ്ണന്താനം തുടങ്ങിയ പ്രമുഖർ പുതിയ മന്ത്രിസഭയിലില്ല. ജെ. പി. നഡ്ഡ ബിജെപി ദേശീയ അധ്യക്ഷനാകുമെന്നാണ് സൂചന.