കള്ളപ്പണക്കാരുടെ പട്ടിക സുപ്രീംകോടതി അന്വേഷണസംഘത്തിന് കൈമാറി

Posted on: October 29, 2014

Supreme-Court-of-India-big

കേന്ദ്ര സർക്കാർ സമർപ്പിച്ച 627 കള്ളപ്പണക്കാരുടെ പട്ടിക സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ് ഐടി അധ്യക്ഷന്റെയോ ഉപാധ്യക്ഷന്റെയോ സാന്നിധ്യത്തിൽ മാത്രമെ കവർ തുറക്കാവൂ. അന്വേഷണം അവസാനിക്കും വരെ പേരുകൾ പുറത്തു വിടരുതെന്നും കോടതി നിർദേശിച്ചു നവംബർ അവസാനത്തിനുള്ളിൽ കേസിന്റെ തൽസ്ഥിതി അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. ഡിസംബർ 3 ന് കേസ് വീണ്ടും പരിഗണിക്കും.

കള്ളപ്പണവുമായി ബന്ധപ്പെട്ടവരുടെ പേരു വെളിപ്പെടുത്തുന്നത് വിദേശ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ഇക്കാര്യം പ്രത്യേക അന്വേഷണസംഘത്തെ അറിയിക്കും.

വിദേശ ബാങ്കുകളിൽ കള്ളപ്പണമുള്ളവരുടെ പട്ടിക സമർപ്പിക്കാൻ ഇന്നലെയാണ് സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. മുദ്രവച്ച കവറിൽ മൂന്ന് പട്ടികകളാണ് ഇന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. പട്ടികയിലെ 627 പേരുകൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ സിബിഐ അന്വേഷണം നടത്തുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.