എസ്. ബി. ഐ. നിക്ഷേപങ്ങളുടെ പലിശ റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തി

Posted on: May 1, 2019

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ വലിയ നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ ഇന്നു മുതല്‍ റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കിനനുസരിച്ച് മാറ്റമുണ്ടാകും. ഹ്രസ്വകാല വായ്പയിലും ഓവര്‍ഡ്രാഫ്റ്റിലും ഇതു പ്രതിഫലിക്കുമെന്ന് എസ്. ബി. ഐ. വൃത്തങ്ങള്‍ അറിയിച്ചു.

2019 മാര്‍ച്ചില്‍ എടുത്ത ഈ തീരുമാന പ്രകാരം ഒരു ലക്ഷം രൂപയ്ക്കുമുകളിലുള്ള സേവിംഗ്‌സ് ഡെപ്പോസിറ്റുകള്‍ ആര്‍. ബി. ഐ. യുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കും.

റിപ്പോ നിരക്കിനേക്കാള്‍ 2.75 ശതമാനം താഴെയായിരിക്കും നിക്ഷേപനിരക്ക്. അതായത് മെയ് 1 നു ശേഷം ആര്‍. ബി. ഐ. നിരക്ക് കുറച്ചാലും കൂട്ടിയാലും ആ മാറ്റം നിക്ഷേപങ്ങളിലെ പലിശനിരക്കുകളിലും പ്രതിഫലിക്കും. ആര്‍. ബി. ഐ. പണനയത്തിലുള്ള ഏതൊരു മാറ്റവും ഉപഭോക്താവിലേക്കെത്തുന്ന പ്രക്രിയ കൂടുതല്‍ വേഗത്തിലാക്കുകയാണ് ഈ മാറ്റത്തിന്റെ ലക്ഷ്യമെന്ന് ആര്‍. ബി. ഐ. വൃത്തങ്ങള്‍ പറഞ്ഞു. ഒരു ലക്ഷം രൂപയ്ക്കുമുകളില്‍ ഡെപ്പോസിറ്റ് ഉള്ള അക്കൗണ്ട് ഉടമകള്‍ക്ക് റിപ്പോ നിരക്കിനെക്കാള്‍ 2.75 ശതമാനം താഴെയായിരിക്കും പലിശനിരക്ക് നിശ്ചയിക്കുക. ഒരു ലക്ഷം രൂപ പരിധിയുള്ള എല്ലാ കാഷ് ക്രഡിറ്റ് അക്കൗണ്ടുകളും ഹ്രസ്വകാലവായ്പകളും ഓവര്‍ ഡ്രാഫ്റ്റുകളും റിപ്പോയുമായി ബന്ധിപ്പിക്കും. ഇത് മേയ് ഒന്നു മുതല്‍ നിലവില്‍ വരും. ഒരു ലക്ഷം രൂപ വരെയുള്ള ഡെപ്പോസിറ്റുകള്‍ക്ക് 3.50 ശതമാനമായിരിക്കും പലിശനിരക്ക്. വായ്പാ നിരക്ക് നിശ്ചയിക്കുന്നതിലെ അടിസ്ഥാനനിരക്കായ എം.സി.എല്‍.ആര്‍. അഞ്ചു ബേസിസ് പോയന്റ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു വര്‍ഷത്തേക്കുള്ള എം. സി. എല്‍. ആര്‍. നിരക്ക് ഇപ്പോള്‍ 8.50 ശതമാനമാണ്.

TAGS: SBI |