സെർവർ തകരാറ് ; എയർ ഇന്ത്യ സർവീസുകൾ ആറ് മണിക്കൂർ മുടങ്ങി

Posted on: April 27, 2019

മുംബൈ : പ്രധാന സെർവർ തകരാറിലായതിനെ തുടർന്ന് ഇന്ന് പുലർച്ചെ എയർ ഇന്ത്യ സർവീസുകൾ ആറ് മണിക്കൂർ മുടങ്ങി. തകരാർ പരിഹരിച്ച് രാവിലെ ഒൻപതു മണിയോടെ സർവീസുകൾ പുനസ്ഥാപിച്ചതായി എയർ ഇന്ത്യ അറിയിച്ചു. സാങ്കേതിക തകരാർ എയർ ഇന്ത്യയുടെ ആഭ്യന്തര – രാജ്യാന്തര സർവീസുകളെ ഒരു പോലെ ബാധിച്ചു. വൈകുന്നേരത്തോടെ വിമാനസർവീസുകൾ സാധാരണ നിലയിലാകുമെന്ന് എയർ ഇന്ത്യ എംഡി അശ്വനി ലോഹാനി പറഞ്ഞു.

സെർവർ പുലർച്ചെ മൂന്ന് മണിക്ക് ഷട്ട്ഡൗൺ ചെയ്തതോടെ ബോർഡിംഗ് പാസുകൾ ഇഷ്യു ചെയ്യാനായില്ല. സിറ്റ ആണ് എയർ ഇന്ത്യയുടെ ചെക്കിൻ, ബോർഡിംഗ്, ബാഗേജ് ട്രാക്കിംഗ് സാങ്കേതിക സേവനം നൽകുന്നത്. ആയിരകണക്കിന് യാത്രക്കാർക്കാണ് അർധരാത്രിയിൽ വിവിധ വിമാനത്താവളങ്ങളിൽ ആശങ്കയോടെ കാത്തിരിക്കേണ്ടി വന്നത്. മുംബൈയിൽ മാത്രം എയർ ഇന്ത്യയിൽ ടിക്കറ്റ് ബുക്ക് ചെയ്ത രണ്ടായിരത്തോളം യാത്രക്കാരാണ് കുടുങ്ങിയത്.

TAGS: Air India |