ഊർജ്ജമേഖലയിൽ 50,000 കോടിയുടെ നിക്ഷേപവുമായി റിലയൻസ് പവർ

Posted on: October 1, 2014

Anil-ambani-CSഅനിൽഅംബാനിയുടെ റിലയൻസ് പവർ അഞ്ചു വർഷത്തിനുള്ളിൽ ഊർജ്ജമേഖലയിൽ 50,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. ഇതിലൂടെ 6,000 മെഗാവാട്ട് ഉത്പാദന ശേഷിയാണ് കമ്പനി ലക്ഷ്യംവയ്ക്കുന്നത്. മഹാരാഷ്ട്രയിലെ ഭട്ടിഭോരി (600 മെഗാവാട്ട്), മധ്യപ്രദേശിലെ സാസൻ (4000 മെഗാവാട്ട്), രാജസ്ഥാൻ (40 മെഗാവാട്ട് സോളാർ പവർ) തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.

കാറ്റിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളും കമ്പനി നടപ്പാക്കി വരുന്നു. ശേഷി വികസനത്തിന് മറ്റൊരു 50,000 കോടി കൂടി മുതൽമുടക്കാൻ കമ്പനിക്കു പദ്ധതിയുണ്ട്.

ജാർഖണ്ഡിലെ തിലയ്യയിൽ 4,000 മെഗാവാട്ടിന്റെ മറ്റൊരു പദ്ധതി അന്തിമഘട്ടത്തിലാണ്. പ്രതിവർഷം 40 ദശലക്ഷം ടൺ കൽക്കരി ഉത്പാദനവും പദ്ധതിയുടെ ഭാഗമായുണ്ട്. അരുണാചൽ പ്രദേശിലെ ടാറ്റോയിൽ 700 മെഗാവാട്ടിന്റെ ജലവൈദ്യുതി പദ്ധതിയും പൂർത്തിയായി വരുന്നു. സുപ്രീം കോടതി കാൻസൽ ചെയ്ത കൽക്കരി ബ്ലോക്കുകളിൽ റിലയൻസ് പവറിന്റെ സാസനിലും (മധ്യപ്രദേശ്), തിലയ്യയിലും (ജാർഖണ്ഡ്) രണ്ട് ബ്ലോക്കുകൾ വീതം ഉൾപ്പെട്ടിട്ടുണ്ട്.