മേക്ക് ഇൻ ഇന്ത്യ നാളെ

Posted on: September 23, 2014

 

Make-in-India-big

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച മേക്ക് ഇൻ ഇന്ത്യ ആഹ്വാനത്തിന്റെ ഭാഗമായ, വ്യവസായ ഉച്ചകോടി നാളെ ന്യൂഡൽഹിയിൽ നടക്കും. രാവിലെ 10.30 ന് വിജ്ഞാൻ ഭവനിൽ ആരംഭിക്കുന്ന ഉച്ചകോടിയിൽ ലോകത്തെമ്പാടു നിന്നുമുള്ള 3,000 വ്യവസായികളെയാണ് പ്രതീക്ഷിക്കുന്നത്. പത്തു ശതമാനം ഉത്പാദന വളർച്ച നേടാൻ നിക്ഷേപ സൗഹൃദ രാജ്യമായി ഇന്ത്യയെ അവതരിപ്പിക്കുകയാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം.

മേക്ക് ഇൻ ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങിലേക്കു 1200 ക്ഷണക്കത്തുകളാണ് ഔദ്യോഗികമായി വിതരണം ചെയ്തിട്ടുള്ളത്. മാരുതി സുസുക്കിയുടെ കെനിചി അയുകാവ, മുകേഷ് അംബാനി, സൈറസ് മിസ്ത്രി തുടങ്ങി അഞ്ഞൂറിലേറെ വ്യവസായ പ്രമുഖരുടെ സാന്നിധ്യം ഉറപ്പായിട്ടുണ്ട്. എയർബസ്, മെഴ്‌സിഡസ് ബെൻസ്, സാംസംഗ്, ഹോണ്ട തുടങ്ങിയ രാജ്യാന്തര കമ്പനികളുടെ ആഗോള തലവൻമാരും ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു.

ഇൻഡസ്ട്രി പോളിസി ആൻഡ് പ്രമോഷൻ വകുപ്പ് പത്തു വിഭാഗങ്ങളിലായി 30 രാജ്യങ്ങളിലെ 3,000 കമ്പനികളെയാണ് ഇന്ത്യയിൽ നിക്ഷേപം നടത്താൻ കണ്ടെത്തിയിട്ടുള്ളത്. ഉച്ച വിരുന്നിനു ശേഷം പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. വ്യവസായികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പുകൾ എക്‌സ്‌പേർട്ട് പാനലും തയാറാക്കിയിട്ടുണ്ട്. ഫിക്കി, സിഐഐ, അസോച്ചം തുടങ്ങിയ വ്യവസായസംഘടനകളും ഉച്ചകോടിക്കു പിന്തുണ നൽകി മുന്നോട്ടുവന്നിട്ടുണ്ട്.