കേരള ട്രാവൽമാർട്ട് പത്താംപതിപ്പ് അടുത്തവർഷം കൊച്ചിയിൽ

Posted on: November 1, 2017

തിരുവനന്തപുരം : കേരള ട്രാവൽ മാർട്ടിന്റെ പത്താംപതിപ്പ് അടുത്ത വർഷം സെപ്റ്റംബർ 27 മുതൽ കൊച്ചിയിൽ നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കേരളത്തിന്റെ ടൂറിസം മേഖലയിലെ വൈവിധ്യങ്ങൾ വിളിച്ചോതുന്ന ഉത്പന്നങ്ങൾ അവതരിപ്പിക്കപ്പെടുന്ന, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൂറിസം മേളയായ കെടിഎമ്മിൽ വിവിധ ടൂറിസം സംരംഭകരുടെ നാന്നൂറോളം സ്റ്റാളുകൾ അണിനിരക്കും. ലോകടൂറിസം ദിനമായ സെപ്റ്റംബർ 27 ന് ഉദ്ഘാടനത്തിനു ശേഷം 28,29,30 തീയതികളിലാണ് ട്രാവൽമാർട്ട് നടക്കുന്നത്. ബിസിനസ് ടു ബിസിനസ് മീറ്റുകൾ ഈ ദിവസങ്ങളിലാണ്.

മലബാറിന്റെ അനന്തമായ ടൂറിസം സാധ്യതകളിലേക്കു കൂടി ശ്രദ്ധ ക്ഷണിക്കുന്നതാകും പത്താമത് കെടിഎം എന്നു മന്ത്രി പറഞ്ഞു. മലബാർ ടൂറിസം പ്രോത്സാഹനമായിരിക്കും കെടിഎമ്മിന്റെ പ്രമേയം. അടുത്ത സെപ്റ്റംബറോടെ കണ്ണൂർ വിമാനത്താവളം പ്രവർത്തന സജ്ജമാകുമ്പോൾ മലബാറിന്റെ ടൂറിസം വികസനത്തിന് കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലബാറിന്റെ ടൂറിസം വികസനത്തിനായി സർക്കാർ 38.50 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. മലബാറിൽ വിവിധ ടൂറിസം വികസനപദ്ധതികൾക്കു തുടക്കമിട്ടു കഴിഞ്ഞു. ഒൻപതു നദികൾ കേന്ദ്രീകരിച്ചുള്ള നദീതട ടൂറിസം പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.

ഉത്തരവാദിത്ത ടൂറിസത്തിലും ഇത്തവണ കെടിഎം ശ്രദ്ധ കേന്ദ്രീകരിക്കും. ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കുന്നതിനായി ഉത്തവാദിത്ത ടൂറിസം മിഷൻ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഉത്തരവാദിത്ത ടൂറിസം സംസ്ഥാനവ്യാപകമാക്കുന്നതിന് കെടിഎമ്മുമായി ബന്ധപ്പെടുത്തി പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

കെടിഎമ്മിൽ പങ്കെടുക്കുന്ന സെല്ലർമാർക്ക് നൂറുകണക്കിന് ബിസിനസ് ചർച്ചകൾക്കാണ് അവസരമൊരുങ്ങുന്നത്. ടൂർ ഓപറേറ്റർമാർ, ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹൗസ് ബോട്ടുകൾ, ആയുർവേദ റിസോർട്ടുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ തുടങ്ങി ടൂറിസം മേഖലയിലെ എല്ലാ സംരംഭകരുടെയും സേവനങ്ങളും പങ്കാളിത്തവും കെടിഎമ്മിലുണ്ടാകും.

അജൻഡ 9 എന്ന പേരിൽ 2016 ലെ കെടിഎമ്മിൽ പ്രഖ്യാപിച്ച ഒൻപതിന പരിപാടിയിൽ ശ്രദ്ധ പുലർത്തിയാകും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ എന്നു മന്ത്രി പറഞ്ഞു. കേരളത്തെ സുസ്ഥിരമായ ടൂറിസം മേഖലയാക്കുന്നതിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു. മാലിന്യ നിർമാർജനം, ജൈവകൃഷി, ഊർജ ഉപഭോഗം, പ്രാദേശിക വസ്തുക്കളുടെ ഉപയോഗം, മഴവെള്ള സംഭരണം, പ്ലാസ്റ്റിക് നിർമ്മാർജനം, ഹരിതവത്കരണം തുടങ്ങിയവയാണ് ഇതിലെ പ്രധാന ഇനങ്ങൾ.

കേരള ടൂറിസത്തിന്റെ ഊർജവും ചലനാത്മകതയുമെല്ലാം ഏറ്റവുമധികം പ്രകടമാകുന്ന വേദിയാണ് കെടിഎമ്മിന്റേതെന്ന് കേരള ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. കേരള ടൂറിസവും കെടിഎമ്മും പരസ്പരപൂരകങ്ങളാണ്, പരസ്പരം പരിപോഷിപ്പിക്കുന്നവയുമാണ്. ടൂറിസം വ്യവസായ രംഗത്തുള്ളവർക്ക് ഒഴിവാക്കാനാകാത്ത വേദിയായി കെടിഎം വളർന്നിരിക്കുന്നുവെന്നും ഡോ. വേണു ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ ടൂറിസം ഉത്പന്നങ്ങളാണ് ഇക്കുറി പ്രദർശനത്തിനുണ്ടാകുന്നതെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു. സെല്ലേഴ്‌സിന് നൂറുകണക്കിന് ചർച്ചകളിൽ പങ്കെടുക്കാൻ സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബയേഴ്‌സിനെ ഒരു കുടക്കീഴിൽ കൊണ്ടു വരാൻ സാധിക്കുന്നതു തന്നെ കെടിഎമ്മിന്റെ പ്രത്യേകതയാണെന്നും അദേഹം പറഞ്ഞു.

പത്താം പതിപ്പിലെത്തിയ കെടിഎം, ഇരുപതു വർഷത്തെ ചരിത്രം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം മേളയായിക്കഴിഞ്ഞെന്ന് കേരള ടൂറിസം ഡയറക്ടർ ബാലകിരൺ പറഞ്ഞു. ടൂറിസം ഉത്പന്നങ്ങളുടെ ശ്രേണി വിപുലീകരിക്കാനും 365 ദിവസവും ടൂറിസം എന്ന ആശയം പ്രാവർത്തികമാക്കാനും കെടിഎം വേദി സഹായകമാകുമെന്നും ബാലകിരൺ പറഞ്ഞു.

കേരള ടൂറിസം അഡീഷനൽ ഡയറക്ടർ ജാഫർ മാലിക്, കെടിഎം സെക്രട്ടറി ജോസ് പ്രദീപ്, ട്രഷറർ ജി. ഗോപിനാഥ്, വൈസ് പ്രസിഡന്റ് യു.സി. റിയാസ് കെടിഎം മുൻ പ്രസിഡന്റ് ഇ. എം. നജീബ്, എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കെടിഎമ്മിലേക്കുള്ള പ്രീ-രജിസ്‌ട്രേഷൻ 2018 ജനുവരിയിൽ ആരംഭിക്കും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മാർച്ചിലാണ് രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. 2016 ൽ നടന്ന കെടിഎമ്മിന്റെ ഒമ്പതാം ലക്കത്തിൽ ഇന്ത്യയിൽനിന്ന് 638 ബയേഴ്‌സും 47 വിദേശ രാജ്യങ്ങളിൽ നിന്നായി 268 ബയേഴ്‌സും പങ്കെടുത്തിരുന്നു. ഒരു ലക്ഷത്തിലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് മൂന്നു ദിവസത്തെ മേളയിൽ നടന്നത്.