കല്യാൺ ജൂവല്ലേഴ്‌സിൽ വാർബർഗ് പിങ്കസ് 500 കോടി കൂടി നിക്ഷേപിച്ചു

Posted on: April 4, 2017

കൊച്ചി : കല്യാൺ ജൂവല്ലേഴ്‌സിൽ ആഗോള നിക്ഷേസ്ഥാപനമായ വാർബർഗ് പിങ്കസ് അധികമായി 500 കോടി രൂപ കൂടി നിക്ഷേപം നിക്ഷേപിച്ചു. ഇതോടെ കല്യാൺ ജൂവലേഴ്‌സിലെ വാർബർഗ് പിങ്കസിന്റെ ആകെ നിക്ഷേപം 1700 കോടി രൂപയായി. ഷോറുമുകളുടെ എണ്ണം മൂന്നു വർഷത്തിനുള്ളിൽ 200 ആയി വർധിപ്പിക്കും. ഇ-കൊമേഴ്‌സ് മേഖലയിലേയ്ക്ക് കടക്കുന്നതിനും ആലോചിക്കുന്നതായി കല്യാണരാമൻ പറഞ്ഞു.

ഇന്ത്യയിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സാന്നിധ്യം ഉറപ്പിക്കുകയും മുംബൈ, ഡൽഹി, ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ പുതിയ ഷോറൂമുകൾ ആരംഭിക്കുകയും ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. പുതിയ വിദേശ വിപണികളായ സൗദി അറേബ്യ, ബഹറിൻ, ഒമാൻ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ കാൽവയ്പ്പ് നടത്തുന്നതിനുള്ള തയാറെടുപ്പിലാണ് കല്യാൺ ജൂവലേഴ്‌സ്. കൂടാതെ യുഎഇയിൽ നിലവിലുള്ള 13 ഷോറൂമുകൾക്ക് പുറമെ കൂടുതൽ സാന്നിധ്യം ഉറപ്പിക്കാനും ലക്ഷ്യമിടുന്നു.

ആകെ 105 കല്യാൺ ഷോറൂമുകളിൽ 23 എണ്ണവും പടിഞ്ഞാറൻ ഏഷ്യയിലാണ്. പശ്ചിമ ബംഗാൾ, ഒറീസ, രാജസ്ഥാൻ എന്നിവിടങ്ങളിൽ പുതിയ ഷോറൂമുകൾ തുറന്ന കല്യാൺ, പടിഞ്ഞാറൻ, വടക്കൻ സംസ്ഥാനങ്ങളിൽ സാന്നിദ്ധ്യം മികച്ചതാക്കി. ആഗോളതലത്തിൽ പുതിയ വിപണികളായ ഖത്തറിൽ ഏഴും കുവൈറ്റിൽ നാലും ഷോറൂമുകൾ തുറന്നു. ഡയമണ്ട് ആഭരങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത മുൻനിർത്തി നിലവിലുള്ള 603 മൈ കല്യാൺ സേവനകേന്ദ്രങ്ങളെ മിനി ഡയമണ്ട് സ്‌റ്റോറുകളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

കല്യാണിന്റെ കരുത്തുറ്റ വളർച്ചയുടെ തെളിവാണ് വാർബർഗ് പിങ്കസിന്റെ നിക്ഷേപമെന്ന് കല്യാൺ ജൂവല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.