ടൊയോട്ടയും സുസുക്കിയും സഖ്യത്തിലേക്ക്

Posted on: February 6, 2017

ദുബായ് : ജാപ്പനീസ് വാഹനനിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷനും സുസുക്കി മോട്ടോർ കോർപറേഷനും പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ സഖ്യത്തിലേർപ്പെടുന്നു. രണ്ടു കമ്പനികളുടെയും ഡയറക്ടർ ബോർഡുകൾ കഴിഞ്ഞ ഒക്‌ടോബറിൽ ഇതു സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. ഹരിതവാഹനങ്ങൾ, സുരക്ഷിതത്വം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായിരിക്കും കൂട്ടുകെട്ട്. ധാരണപ്രകാരം ടൊയോട്ടയുടെ ഗവേഷണ-വികസന മികവ് സുസുക്കിക്ക് പ്രയോജനപ്പെടുത്താനാകും. ഇന്ന് ഇരു കമ്പനികളുടെയും മൂന്നാം ക്വാർട്ടർ ഫലങ്ങൾ പുറത്തുവരും.

മലിനീകരണം കുറഞ്ഞ കാറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേറ്റഡ് ഡ്രൈവിംഗ് തുടങ്ങിയ മേഖലകളിൽ ഗവേഷണ-വികസനത്തിന് ടൊയോട്ട വൻ മുതൽമുടക്ക് നടത്തിയിട്ടുണ്ട്. ടൊയോട്ടയുടെ ഹൈബ്രിഡ് ടെക്‌നോളജി ഇപ്പോൾ തന്നെ സുസുക്കി പ്രയോജനപ്പെടുത്തുന്നുണ്ട്.

സുസുക്കിയുടെ സഹായത്തോടെ ഇന്ത്യൻ വിപണിയിൽ കൂടുതൽ വിഹിതം നേടാനും പുതിയ കൂട്ടുകെട്ട് ടൊയോട്ടയെ സഹായിക്കും. ഇന്ത്യയിൽ വിൽക്കപ്പെടുന്ന കാറുകളുടെ പകുതിയും മാരുതി സുസുക്കിയുടേതാണ്. വിപുലമായ വില്പനശൃംഖലയും സുസുക്കിക്ക് ഇന്ത്യയിലുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിർമാതാക്കളായ ടൊയോട്ടയ്ക്ക് ഇന്ത്യയിൽ ഇതേവരെ കാര്യമായ നേട്ടം കൈവരിക്കാനായിട്ടില്ല.