ജിയോ 4ജി ടെലികോം മേഖലയുടെ മുഖഛായ മാറ്റുമെന്ന് മുകേഷ് അംബാനി

Posted on: September 1, 2016

Mukesh-Ambani-launching-Rel

മുംബൈ : മൊബൈൽ വോയിസ്, ഡാറ്റാ രംഗത്ത് പുതിയ മത്സരത്തിന് തുടക്കമിട്ട് മുകേഷ് അംബാനി റിലയൻസ് ജിയോയുടെ 4ജി നിരക്കുകൾ പ്രഖ്യാപിച്ചു. സൗജന്യ വോയ്‌സകോളുകൾ, കുറഞ്ഞ ഡാറ്റാ നിരക്ക്, ആകർഷകമായ സ്‌കീമുകൾ തുടങ്ങി എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന പദ്ധതികളാണ് റിലയൻസ് ജിയോ ആവിഷ്‌കരിച്ചിട്ടുള്ളത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ 42 മത് വാർഷിക പൊതുയോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ഇന്ത്യയിൽ ഏത് നെറ്റ് വർക്കിലേക്കും സൗജന്യ വോയ്‌സ് കോളുകൾ, റോമിംഗ് ചാർജ് ഇല്ല, കുറഞ്ഞ നിരക്കിലുള്ള മൊബൈൽ ഡാറ്റാ, വിശേഷാവസരങ്ങളിൽ അധിക ചാർജ്ജില്ലാതെ എസ് എം എസ്, വിദ്യാർത്ഥികൾക്ക് പ്രത്യേക സ്‌കീമുകൾ, 1 ജിബിപിഎസ് വേഗതയിൽ വീടുകളിലേക്ക് ഇന്റർനെറ്റ് തുടങ്ങി നിരവധി ഓഫറുകളും സേവനങ്ങളും മുകേഷ് അംബാനി പ്രഖ്യാപിച്ചു.

സെപ്റ്റംബർ 5 ന് അവതരിപ്പിക്കുന്ന റിലയൻസ് ജിയോയുടെ കമേർഷ്യൽ ലോഞ്ച് ഡിസംബർ 31 ന് ആയിരിക്കും. 18,000 പട്ടണങ്ങളിലും രണ്ട് ലക്ഷം ഗ്രാമങ്ങളിലും റിലയൻസ് ജിയോയുടെ കവറേജ് ലഭ്യമാക്കിയിട്ടുണ്ട്. 2017 മാർച്ചിൽ രാജ്യത്തെ ജനങ്ങളുടെ 90 ശതമാനത്തിനും ജിയോ ശൃംഖലയുടെ പരിധിയിലാകും. കൂടാതെ വൈഫൈ ഹോട്ട് സ്‌പോട്ടുകളും സ്ഥാപിക്കും. ടെലികോം വ്യവസായത്തിന്റെ മുഖഛായ മാറ്റുന്ന റിലയൻസ് ജിയോ പുതിയ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്ക് രൂപം നൽകുമെന്ന് മുകേഷ് അംബാനി പറഞ്ഞു.