ഇന്ത്യ പോസ്റ്റിന് 5,000 കോടിയുടെ നവീകരണപദ്ധതി

Posted on: August 27, 2014

India-Post-ATM-big

കോർബാങ്കിംഗ്, എടിഎം തുടങ്ങിയ വികസന-നവീകരണ പദ്ധതികൾക്കായി ഇന്ത്യ പോസ്റ്റ് 5,000 കോടി രൂപ മുതൽമുടക്കും. 2016 ഓടെ 2,500 പോസ്റ്റ് ഓഫീസുകളിൽ കോർബാങ്കിംഗും 1,000 എടിഎമ്മുകളുമാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യ പോസ്റ്റ് പ്ലാനിംഗ് ആൻഡ് ടെക്‌നോളജി മെംബർ കല്പന തിവാരി പറഞ്ഞു.

നവീകരണ പദ്ധതികൾ പൂർത്തിയാകുന്നതോടെ ബാങ്കിംഗിലേക്കാണ് ഇന്ത്യ പോസ്റ്റ് ലക്ഷ്യംവയ്ക്കുന്നത്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളും പോസ്റ്റൽ ലൈഫ് ഇൻഷുറൻസും റെമിറ്റൻസുമെല്ലാം ഇപ്പോഴെ കൈകാര്യം ചെയ്യുന്നുണ്ട്. 30 കോടി അക്കൗണ്ടുകളിലായി ആറു ലക്ഷം കോടി രൂപയുടെ നിക്ഷേപം പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിലുണ്ടെന്നും കല്പന തിവാരി ചൂണ്ടിക്കാട്ടി.

വികസനത്തിന്റെ ഭാഗമായി 2012-ൽ ആരംഭിച്ച കോർബാങ്കിംഗിൽ ഇതേവരെ 676 പോസ്റ്റ് ഓഫീസുകളെ ബന്ധിപ്പിച്ചു. ചെന്നൈയിലും ഡൽഹിയിലും ഓരോ എടിഎമ്മുകളും ഇന്ത്യ പോസ്റ്റ് തുറന്നു.