രൂപ : ഒടുവിൽ സർക്കാർ ഉണരുന്നു

Posted on: August 23, 2013

രൂപ തകർച്ചനേരിടുന്ന സാഹചര്യത്തിൽ ധനകാര്യമേഖലയുടെയും പ്രത്യേകിച്ച് ഓഹരിവിപണിയുടെയും ആത്മവിശ്വാസം വീണ്ടെടുക്കാൻ വൈകിയാണെങ്കിലും കേന്ദ്രസർക്കാർ രംഗത്ത്. ഇതിന്റെ ഭാഗമായി കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം ശനിയാഴ്ച മുംബൈയിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും മേധാവികളുമായി കൂടിക്കാഴ്ച നടത്തും.

രൂപയെ രക്ഷിക്കാനും സാമ്പത്തികവളർച്ച ഉറപ്പാക്കാനും സ്വീകരിച്ച നടപടികൾ ധനമന്ത്രി യോഗത്തിൽ വിശദീകരിക്കും. സാമ്പത്തികകാര്യ സെക്രട്ടറി അരവിന്ദ് മായാറാം, അഡീഷണൽ സെക്രട്ടറി (ക്യാപിറ്റൽ മാർക്കറ്റ്‌സ്) കെ.പി. കൃഷ്ണൻ തുടങ്ങിയവരും യോഗത്തിൽ സന്നിഹിതരാകും. കഴിഞ്ഞ ദിവസം രൂപ അതിന്റെ ചരിത്രത്തിലെ റിക്കാർഡ് തകർച്ചയിൽ (65.56) എത്തിയിരുന്നു. ഗവൺമെന്റ് ഇടപെടൽ വൈകുന്നതിനെതിരെ ഉയർന്ന വ്യാപകമായ പ്രതിഷേധമാണ് ചിദംബരത്തിന്റെ മുംബൈ സന്ദർശനത്തിനു വഴിതെളിച്ചത്.