കേരളത്തിനു സാമ്പത്തിക പ്രതിസന്ധിയില്ല: കെ.എം. മാണി

Posted on: December 15, 2013

K.M.-MANI--CS

കേരളത്തിനു സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സാമ്പത്തിക ഞെരുക്കം മാത്രമേയുള്ളുവെന്നും യുവജനങ്ങളെ വിശ്വാസതയിലെടുത്തു പെൻഷൻ പ്രായം ഉയർത്തണമെന്നും മന്ത്രി കെ.എം. മാണി. കോട്ടയം പ്രസ്‌ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദേഹം.

വികസന പദ്ധതികൾക്ക് സംസ്ഥാന സർക്കാർ ഇതിനോടകം വൻതുക നൽകിക്കഴിഞ്ഞു. മെട്രോ റെയിലിന് 447 കോടി, മോണോ റെയിൽ പഠനത്തിന് 10 കോടി, വിഴിഞ്ഞം പദ്ധതി 422 കോടി എന്നിങ്ങനെ  വൻതുകകളാണു നൽകിയത്. കെഎസ്ആർടിസി പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. കാരുണ്യ ലോട്ടറി വഴി ലഭിച്ച പണംകൊണ്ടു ഇതിനോടകം 27000 പേർക്ക് ചികിത്സാസഹായം നല്കി.

റവന്യൂ കളക്ഷൻ 16 ശതമാനമായി ഉയർന്നു. തീരുവ വരുമാനം ദേശീയ ശരാശരിയേക്കാൾ കേരളത്തിൽ ഉയർന്നു നിൽക്കുകയാണ്. 10.8 ശതമാനമാണു
ദേശീയ നിരക്കെങ്കിലും സംസ്ഥാനത്തതു 12.12 ശതമാനമാണ്. സർക്കാരിനു
ലഭിക്കേണ്ട വരവിൽ 372 കോടി രൂപ സർക്കാർ സ്റ്റേ ചെയ്തപ്പോൾ കോടതി
ഇടപെടലുകൾ മൂലം 1057 കോടി രൂപയുടെ പിരിവും സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ നികുതിപിരിവ് 16 ശതമാനമായി കുറഞ്ഞതിന് സാമ്പത്തികമാന്ദ്യവും കാരണമായതായി മന്ത്രി കെ. എം. മാണി ചൂണ്ടിക്കാട്ടി. മദ്യവില്പനയിൽ നിന്നുള്ള നികുതിവരവ് 20 ശതമാനത്തിൽ നിന്ന് 12 ശതമാനമായി
കുറഞ്ഞു. സംസ്ഥാനത്തു വാഹനങ്ങളുടെ വില്പനയും കെട്ടിടനിർമാണ സാമഗ്രികളുടെ വില്പനയും കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.