ബ്രെക്‌സിറ്റ് : ഇന്ത്യൻ ഓഹരിവിപണിയിൽ 3 ലക്ഷം കോടിയിലേറെ നഷ്ടം

Posted on: June 24, 2016

Brexit-Big

മുംബൈ : ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരേണ്ട വിധിയെഴുത്തിനെ തുടർന്ന് ഇന്ത്യൻ ഓഹരിവിപണികളിൽ വൻതകർച്ച. ബിഎസ്ഇ ൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യത്തിൽ മൂന്ന് ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. ബിഎസ്ഇ സെൻസെക്‌സ് 977.24 പോയിന്റ് കുറഞ്ഞ് 26,024 പോയിന്റിലും നിഫ്റ്റി 309.70 പോയിന്റ് കുറഞ്ഞ് 7,960 പോയിന്റിലുമാണ് രാവിലെ 11.01 ന് വ്യാപാരം നടക്കുന്നത്.

ബ്രിട്ടണിൽ നിക്ഷേപമുള്ള ഇന്ത്യൻ കമ്പനികളുടെ ഓഹരിവിലയിൽ കനത്ത ഇടിവുണ്ടായി. ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരിവിലയിൽ 10 ശതമാനം ഇടിവ് സംഭവിച്ചു. ടാറ്റാ മോട്ടോഴ്‌സിന്റെയും ടിസിഎസിന്റെയും മാർക്കറ്റ് കാപ്പിറ്റലൈസേഷനിൽ 10,000 കോടി രൂപ വീതം കുറവു വന്നു.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎൻജിസി, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എസ് ബി ഐ, എച്ച്ഡിഎഫ്‌സി, മാരുതി സുസുക്കി, കൊട്ടക് മഹീന്ദ്ര, കോൾ ഇന്ത്യ തുടങ്ങിയ പ്രമുഖ ഓഹരികളുടെ മാർക്കറ്റ് കാപ്പിറ്റലൈസേഷനിൽ 5,000 കോടി രൂപ വീതം കുറവുവന്നു.

ആഗോള വിപണികളെല്ലാം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ഡോളറിന് 68.14 രൂപയാണ് വിനിമയനിരക്ക്. ഡോളറുമായുള്ള വിനിമയത്തിൽ പൗണ്ടിന്റെ വില 1985 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി.