കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടത്തിൽ 90 മരണം

Posted on: April 10, 2016

Puttingal-Devi-Temple-fire-

കൊല്ലം : കൊല്ലം പരവൂരിലെ പുറ്റിംങ്ങൽ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ 90 പേർ മരണമടഞ്ഞു. 350 ലേറെപ്പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും ഉൾപ്പെടുന്നു. മരിച്ചവരിൽ അധികവും കൊല്ലം, ചടയമംഗലം, ചിറയിൻകീഴ് സ്വദേശികളാണ്.

പകുതിപൊട്ടിയ അമിട്ട് കമ്പപ്പൂരയ്ക്ക് മേൽ വീണ് തീപിടിച്ച് പുലർച്ചെ 3.30 നാണ് ദുരന്തം സംഭവിച്ചത്. അപകടത്തിൽ ദേവസ്വം ബോർഡ് കെട്ടിടവും സമീപത്തെ നിരവധി വീടുകളും തകർന്നു. കോൺക്രീറ്റ് പാളികൾ തെറിച്ചുവീണാണ് പലർക്കും പരിക്കേറ്റത്. പരിക്കേറ്റവർ കൊല്ലം ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങൾ ഉൾപ്പടെ ഏഴ് ആശുപത്രികളിലായി ചികിത്സയിലാണ്.

അപകടം നടന്നയുടനെ സ്ഥലത്തെ വൈദ്യുതി ബന്ധം നിലച്ചത് രക്ഷാപ്രവർത്തനത്തിന് തടസമായി. ഫയർഫോഴ്‌സ് എത്തി സംഭവസ്ഥലം വെള്ളമൊഴിച്ച് തണുപ്പിച്ച ശേഷമാണ് രക്ഷാപ്രവർത്തനം നടത്താനായത്. പൊട്ടാതെ കിടക്കുന്ന സ്‌ഫോടകവസ്തുക്കൾക്കായി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിവരികയാണ്. മത്സരക്കമ്പത്തിന് കൊല്ലം ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. തെക്ക്, വടക്ക് എന്ന രണ്ട് കരക്കാരായി തിരിഞ്ഞാണ് മത്സരക്കമ്പം നടത്തിയത്. ഒന്നര കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനമുണ്ടായി.

ഡിജിപി സെൻകുമാർ, എഡിജിപി മനോജ് എബ്രാഹം, കൊല്ലം ജില്ലാ കളക്ടർ ഷൈന മോൾ, ഫയർഫോഴ്‌സ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിവരുന്നു. ഔദ്യോഗിക പരിപാടികൾ റദ്ദാക്കി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്.