ഗൾഫ് ഓഹരിവിപണിയിൽ വൻ ഇടിവ്

Posted on: January 18, 2016

Gulf-Stockmarket-Big

ദുബായ് : ക്രൂഡോയിലിന്റെ വിലത്തകർച്ച ഗൾഫ് ഓഹരിവിപണികളെയും ബാധിച്ചു. ഗൾഫിലെ ഏഴ് ഓഹരിവിപണികളും ഇന്നലെ വൻ തകർച്ച നേരിട്ടു. യുഎഇയിലെ രണ്ട് ഓഹരിവിപണികൾ ഒഴികെയുള്ളവ ഇന്നും നഷ്ടത്തിലാണ്. ഉപരോധത്തിൽ നിന്ന് പുറത്തുവന്ന ഇറാൻ ക്രൂഡോയിൽ കയറ്റുമതി ആരംഭിക്കുന്നതോടെ എണ്ണവില ഇനിയും താഴുമെന്ന ആശങ്കയാണ് ഓഹരിവിപണികളെ തളർത്തുന്നത്. പരിഭ്രാന്തരായ നിക്ഷേപകർ വൻതോതിൽ വില്പനക്കാരാവുന്നതും വിപണിക്ക് തിരിച്ചടിയായി.

സൗദി സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചായ തദാവുൽ ഓൾ ഷെയർ ഇൻഡെക്‌സ് ഇന്ന് 5.44 ശതമാനം തകർച്ച രേഖപ്പെടുത്തി. 2011 മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് ഇന്നലെ തദാവുൽ രേഖപ്പെടുത്തിയത്. ജിസിസിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരിവിപണിയായ ഖത്തർ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇന്നലെ 7.16 ശതമാനം (657.37 പോയിന്റ്) നഷ്ടം രേഖപ്പെടുത്തി. കുവൈറ്റ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചിക ഇന്ന് 20 ശതമാനം തകർച്ച നേരിട്ടു.

മസ്‌ക്കറ്റ് സെക്യൂരിറ്റീസ് മാർക്കറ്റ് ഇന്ന് 0.10 ശതമാനം നഷ്ടം രേഖപ്പടുത്തി. അതേസമയം ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് ഇന്ന് 2.39 ശതമാനം നേട്ടം രേഖപ്പെടുത്തി. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലെ ജനറൽ ഇൻഡെക്‌സും ഇന്ന് 1.57 ശതമാനം നേട്ടം കൈവരിച്ചു. ബഹ്‌റിൻ ബോഴ്‌സിന്റെ ഓൾ ഷെയർ ഇൻഡെക്‌സിന് മാറ്റമില്ല.

ഗൾഫ് രാജ്യങ്ങളിലെ ഗവൺമെന്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങളെല്ലാം ആശങ്കയിലാണ്. വികസനപ്രവർത്തനങ്ങൾക്കുള്ള ബജറ്റ് വിഹിതം കുറയുമെന്നതു തന്നെ കാരണം. കുവൈറ്റ് രാജകൊട്ടാരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവഹിക്കുന്ന അമീരി ദിവാന് വേണ്ടിയുള്ള ബജറ്റ് വിഹിതം കുറയ്ക്കാൻ കുവൈറ്റ് അമീർ ഷെയ്ഖ് സാബ അൽ അഹമ്മദ് അൽ ജാബർ അൽ സാബ പ്രധാനമന്ത്രിക്ക് നിർദേശം നൽകി. എണ്ണവിലിയിടിവിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നടപ്പാക്കാൻ ഉദേശിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആദ്യ ചുവടുവെയ്പ്പാണ് ഈ തീരുമാനം.