രത്തൻ ടാറ്റാ അർബൻക്ലാപ്പിൽ നിക്ഷേപം നടത്തി

Posted on: December 11, 2015

Ratan-Tata-big

മുംബൈ : രത്തൻ ടാറ്റാ ഓൺലൈൻ സർവീസ് മാർക്കറ്റായ അർബൻക്ലാപ്പിൽ മൂലധന നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തെ ആറ് നഗരങ്ങളിൽ സാന്നിധ്യമുള്ള അർബൻക്ലാപ്പ് നൂറോളം സർവീസുകളാണ് വാഗ്ദാനം ചെയ്യുന്നത്. 25,000 ലേറെ സർവീസ് പ്രഫഷണലുകൾ അർബൻക്ലാപ്പ് ശൃംഖലയിലുണ്ട്.

ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം സ്റ്റാർട്ടപ്പുകളിലാണ് രത്തൻ ടാറ്റായുടെ മനസ്. 2014 ഓഗസ്റ്റിൽ ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റായ സ്‌നാപ്ഡീലിൽ നിക്ഷേപം നടത്തിയ രത്തൻ ടാറ്റാ വൈവിധ്യമാർന്ന സംരംഭങ്ങളാണ് മുതൽമുടക്കിനായി തെരഞ്ഞെടുത്തത്. രത്തൻ ടാറ്റായുടെ സാന്നിധ്യത്തെ സ്റ്റാർട്ടപ്പ് സംരംഭകരും സ്വാഗതം ചെയ്യുന്നു. വ്യക്തിഗത നിക്ഷേപമാണ് ഓരോന്നിലും അദ്ദേഹം നടത്തിയിട്ടുള്ളത്.

ബ്ലൂ സ്റ്റോൺ (ഇ-ജുവല്ലറി), കാർദേഖോ (ഓട്ടോക്ലാസിഫൈഡ് പോർട്ടൽ), സ്വസ്ത്, പേടിഎം, ഷവോമി (മൊബൈൽ), അർബൻലാഡർ (ഫർണീച്ചർ), ഗ്രാമീൺ കാപ്പിറ്റൽ (മൈക്രോഫിനാൻസ്), ഒല കാബ്‌സ് (ഓൺലൈൻ ടാക്‌സി സർവീസ്), ഇൻഫിനിറ്റി അനലിറ്റിക്‌സ് (ഡാറ്റാ അനലിറ്റിക്‌സ്), ഹോളഷെഫ് (ഫുഡ് ടെക്), ആംപിയർ, യുവർ‌സ്റ്റോറി (മീഡിയ), ലൈബ്രേറ്റ്, കാര്യാ, അബ്ര (ഡിജിറ്റൽ കറൻസി), സാബ്‌സി ടെക്‌നോളജീസ് (ക്ലൗഡ് ടെലിഫോണി), ക്രയോൺ ഡാറ്റാ (ബിഗ് ഡാറ്റാ) എന്നിവയാണ് രത്തൻ ടാറ്റാ നിക്ഷേപം നടത്തിയ മറ്റു സ്ഥാപനങ്ങൾ.